മകള്‍ ആരാധ്യയെ ട്രോളിയ ട്വീറ്റിന് കിടിലന്‍ മറുപടി നല്‍കി അഭിഷേക് ബച്ചന്‍. അച്ഛനും അമ്മ ഐശ്വര്യയ്ക്കുമൊപ്പം മകള്‍ ആരാധ്യ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ കണ്ട ഷെര്യന്‍ പട്ടാഡിയന്‍ എന്ന വ്യക്തിയുടെ ട്വീറ്റാണ് അഭിഷേകിനെ ചൊടുപ്പിച്ചത്.
'നിങ്ങളുടെ കുട്ടിക്ക് സ്‌കൂളിലൊന്നും പോവേണ്ടേ? അമ്മയുടെ കൈയ്യില്‍ തൂങ്ങി എപ്പോഴും യാത്ര പോകാനായി ഏത് സ്‌കൂളാണ് കുട്ടിക്ക് അനുമതി നല്‍കുന്നത്. അതോ ഇനി നിങ്ങള്‍ക്ക് ബുദ്ധിയേക്കാള്‍ സൗന്ദര്യത്തിന് സ്ഥാനം കൊടുക്കുന്നതാണോ. അഹങ്കാരിയായ ഒരു അമ്മയ്‌ക്കൊപ്പമാണല്ലോ അവളെപ്പോഴും. സാധാരണ ഒരു കുട്ടിക്കാലമില്ലേ അവള്‍ക്ക്.' എന്നായിരുന്നു ട്വീറ്റ്.
സാധാരണ ട്വിറ്ററിലെ വിമര്‍ശനങ്ങളോട് പ്രതികരിക്കാത്ത അഭിഷേക് മകളെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചപ്പോള്‍ ഉടന്‍ തിരിച്ചടിക്കുകയായിരുന്നു. മാഡം എന്റെ അറിവില്‍ എല്ലാ സ്‌കൂളുകള്‍ക്കും വാരാന്ത്യത്തില്‍ അവധിയാണ്. അധ്യായനദിനങ്ങളിലാണ് അവള്‍ സ്‌കൂളില്‍ പോകാറുണ്ട്. നിങ്ങള്‍ ട്വീറ്റിലെ അക്ഷരങ്ങള്‍ ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും- അഭിഷേകിന്റെ മറുപടി.
എന്നാല്‍, വാദം അവിടെ അവസാനിച്ചില്ല. ഭൂരിഭാഗം പേര്‍ക്കും ഇതുപോലെ എന്തെങ്കിലും പറയാനുള്ള തന്റേടമുണ്ടാവില്ല. നിങ്ങള്‍ ചെയ്യേണ്ടത് അമ്മയുടെ കൈയില്‍ തൂങ്ങി നടക്കുന്നതിന്റെയല്ല, അവളുടെ സാധാരണ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ്. ഞാന്‍ വിദേശത്താണ്. അതുകൊണ്ട് ഇന്ത്യയിലെ സ്‌കൂളുകളുടെ കാര്യം അറിയില്ല. പല സ്ഥലങ്ങളിലും കുട്ടികള്‍ ശനിയാഴ്ചയും സ്‌കൂളില്‍ പോകാറുണ്ട്. ഒന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ നിങ്ങള്‍ക്ക് ഇത് മനസ്സിലാവും- മറുപടി ട്വീറ്റില്‍ അവര്‍ അഭിഷേകിനോട് പറഞ്ഞു.
