നവാഗതനായ ഷാജി പാടൂര്‍ സംവിധാനം രചന ഹനീഫ് അദേനി

മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രം അബ്രഹാമിന്‍റെ സന്തതികളുടെ റിലീസ് തീയ്യതി തീരുമാനിച്ചു. മോഹന്‍ലാലിന്‍റെ നീരാളി, ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടി, സല്‍മാന്‍ ഖാന്‍റെ റേസ് 3 എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങുന്ന വാരം തന്നെയാണ് മമ്മൂട്ടി ചിത്രവും തീയേറ്ററുകളിലെത്തുക. മോഹന്‍ലാല്‍, ജയസൂര്യ, സല്‍മാന്‍ഖാന്‍ ചിത്രങ്ങള്‍ ജൂണ്‍ 15നാണ് തീയേറ്ററുകളില്‍ എത്തുന്നതെങ്കില്‍ അബ്രഹാമിന്‍റെ സന്തതികള്‍ അതിന് തൊട്ടുപിറ്റേദിവസം, അതായത് ജൂണ്‍ 16നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. സംവിധായകന്‍ ഷാജി പാടൂര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞതാണിത്.

ഡെറിക് അബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിലെ മേക്കോവര്‍ പുറത്തുവന്ന പോസ്റ്ററുകളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദി ഗ്രേറ്റ് ഫാദറിന്‍റെ സംവിധായകന്‍ ഹനീഫ് അദേനിയാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കനിഹയാണ് നായിക. പുതുമുഖം മെറിന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ്കൃഷ്ണ, മഖ്ബൂല്‍ സല്‍മാന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം ആല്‍ബി. എഡിറ്റിംഗ് മഹേഷ് നാരായണന്‍. ഗുഡ് വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജണ് നിര്‍മ്മാണം.