ഗുരുവായൂര്‍: നടന്‍ ദിലീപ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്രസന്ദര്‍ശനത്തിനിടെ കദളിപ്പഴം, വെണ്ണ, പഞ്ചസാര എന്നിവ കൊണ്ട് തുലാഭാരവും നടത്തി. 75 കിലോയാണ് തുലാഭരത്തിനായി വേണ്ടിവന്നത്. ഇതിനായി 26655 രൂപ ക്ഷേത്രത്തില്‍ അടച്ചു. രാവിലെ ആറ് മണിയോടെ ഉഷപൂജയ്ക്ക് ശേഷമായിരുന്നു സന്ദര്‍ശനം. ഉപദേവതമാരെ വണങ്ങിയ ശേഷം ഗണപതിക്ക് തേങ്ങയും ഉടച്ചാണ് ദിലീപ് മടങ്ങിയത്.
നടി അക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്ന ദിലീപ് ജാമ്യം ലഭിച്ച ശേഷം ആദ്യമായാണ് ഗുരുവായൂരിലെത്തുന്നത്. ക്ഷേത്രദര്‍ശനത്തിനെത്തിയ ദിലീപിനെ കണ്ടതിന്റെ ആവേശമൊന്നും ഭക്തര്‍ പ്രകടിപ്പിച്ചില്ല. യാതൊരു ആവേശവും കാണിക്കാതെ ഭക്തര്‍ നിന്നത് സുരക്ഷയൊരുക്കിയ പൊലീസുകാരെ പോലും അത്ഭുതപ്പെടുത്തി. സ്ഥിരമായി ദര്‍ശനത്തിനെത്തുമ്പോള്‍ കൂടെയുണ്ടാകുന്ന ദേവസ്വം ഉദ്യോഗസ്ഥരും ഇത്തവണ ദിലീപിനെ അനുഗമിച്ചിരുന്നില്ല.
