ഇടയ്ക്കിടെ നടത്തുന്ന പരിശോധനകളുടെ ഭാഗയായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ദിലീപ് കുമാറിന്‍റെ ഭാര്യയും ചലച്ചിത്ര താരവുമായിരുന്ന സെെറ ബാനു പറഞ്ഞു

മുംബെെ: പ്രശസ്ത ബോളിവുഡ് നടന്‍ ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലെ അണുബാധ മൂലമുണ്ടായ അസ്വസ്ഥത വര്‍ധിച്ചതോടെയാണ് അദ്ദേഹത്തെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് മുഖേനയാണ് ഇക്കാര്യം പുറത്തറിയിച്ചത്.

ശ്വാസകോശത്തിലെ അണുബാധ മൂലം അദ്ദേഹത്തെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ വേണമെന്നുമാണ് കുറിപ്പ്. 95 വയസുള്ള ഇതിഹാസ നടന് എത്രനാള്‍ ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നുള്ള കാര്യം ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

ആരോഗ്യം തൃപ്തികരമാണെന്ന് മാത്രമാണ് വിശദീകരണം. ഇടയ്ക്കിടെ നടത്തുന്ന പരിശോധനകളുടെ ഭാഗയായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ദിലീപ് കുമാറിന്‍റെ ഭാര്യയും ചലച്ചിത്ര താരവുമായിരുന്ന സെെറ ബാനു പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് പരിശോധനകള്‍ നടത്താനുണ്ട്.

അതിനായി കുറച്ച് ദിവസങ്ങള്‍ ഇവിടെ കാണുമെന്നും അവര്‍ പിടിഐയോട് പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ലീലാവതി ഹോസ്പിറ്റല്‍ വെെസ് പ്രസിഡന്‍റ് അജയ്‍കുമാര്‍ പാണ്ഡെ പ്രതികരിച്ചു.

പേടിക്കാനുള്ള കാര്യങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരവും പത്മവിഭൂഷണും അടക്കമുള്ള ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ച കലാകാരനാണ് ദിലീപ് കുമാര്‍. ഏറെ നാളായി അദ്ദേഹം വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലാണ്.