ദുബായ്: അബുദാബി വിമാനത്താവളത്തില്‍ അറസ്റ്റിലായ ചലച്ചിത്ര നടന്‍ ജിനു ജോസഫിനെ വിട്ടയച്ചു. ന്യൂയോര്‍ക്കില്‍ നിന്ന് അബുദാബിയിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ ചിത്രീകരിച്ചെന്നാരോപിച്ച് എത്തിഹാദ് എയര്‍വെയ്സ് ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് ജിനുവിനെ അറസ്റ്റ് ചെയ്തത്. വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ യാത്രചെയ്യുകയായിരുന്ന ജിനു ഉറങ്ങുന്നതിനായി സീറ്റിനു മുന്നിലുള്ള ടിവി സ്ക്രീന്‍ ഓഫ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാത്തതിനെതുടര്‍ന്ന് ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്നെത്തിയ എയര്‍ഹോസ്റ്റസ് ഒരു പുതപ്പു കൊണ്ട് ടിവി സ്ക്രീന്‍ മറച്ചുവച്ചു. തുടര്‍ന്ന് വാഗ്വാദമുണ്ടായി. ഇതൊക്കെ മൊബൈലില്‍ ചിത്രീകരിച്ച ജിനുവിന്റെ നടപടിയാണ്എത്തിഹാദ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. വിമാനം അബുദാബിയിലെത്തിയ ഉടന്‍ എയര്‍പോര്‍ട്ട് പോലീസ് ജിനുവിനെ അറസ്റ്റുചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ക്കുശേഷം ജിനുവിനെ വിട്ടയച്ചു.
അബുദാബി വിമാനതാവളത്തില്‍ അറസ്റ്റിലായ വിവിരം ജിനു തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. വിമാനത്തില്‍ നേരിട്ട ദുരനുഭവങ്ങളും മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
