ദില്ലി: ജനങ്ങളുടെ അതിവൈകാരികതയാണ് സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിന് കാരണമെന്ന് കമല്‍ഹാസന്‍. ചരിത്ര സിനിമകള്‍ കാണുന്നതിന് മുന്‍പ് അത് നിരോധിക്കണമെന്ന് അഭിപ്രായപ്പെടുന്നത് തെറ്റാണെന്നു കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടു. തന്റെ വിശ്വരൂപം സിനിമയ്ക്ക് ഇത്തരത്തിലുള്ള പ്രതിസന്ധി ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ സാഹിത്യോത്സവത്തില്‍ പങ്കടുത്ത് സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍. 

 പത്മാവതി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. വിശ്വരൂപം നിരോധിക്കണമെന്ന് പറഞ്ഞ സമയത്ത് അവരാരും സിനിമ കണ്ടിട്ടുണ്ടായിരുന്നില്ല. ആ സിനിമ പുറത്ത് വന്നതിന് ശേഷമാണ് അതില്‍ എന്തെങ്കിലും ഉള്ളതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. നമ്മള്‍ പലതിനോടും അതിവൈകാരികമായി പെരുമാറുന്നു എന്നാണ് എനിക്ക് തോന്നുന്നത്. താനിത് പറയുന്നത് ഒരു സിനിമാ കാരാനായല്ല പകരം ഒരു ഇന്ത്യക്കാരാനായാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു. 

 ഹേ റാമിന് എന്താണ് സംഭവിച്ചത്. പോസ്റ്റര്‍ കണ്ട കോണ്‍ഗ്രസ് നേതാവിന് അതിലെന്തോ പിശകുണ്ടെന്ന് തോന്നി. അതില്‍ എന്താണെന്ന് അവര്‍ക്ക് അറിയില്ല. എന്നിട്ടും അത് നിരോധിക്കണമെന്ന് പറഞ്ഞു. ഒരു സിനിമ പോലും കാണാതെയാണ് അവരതിനെ വിലയിരുന്നത്. എന്തിലും സംശയാലുക്കളും കുറ്റം കണ്ടുപിടിക്കുന്നവരുമായി ഇന്ത്യന്‍ സമൂഹം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.