ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്ത നടി അന്ന രാജന്റെ ചിത്രങ്ങൾ മോശമായി പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്ന് അവർ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ, അന്ന മാപ്പ് പറയേണ്ടതില്ലെന്നും മാധ്യമങ്ങളാണ് മാപ്പ് പറയേണ്ടതെന്നും നടൻ മാധവ് സുരേഷ്
മാർച്ച് 3ന് ആയിരുന്നു ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവം നടന്നത്. ആയിരക്കണക്കിന് ഭക്തർ പങ്കെടുത്ത പൊങ്കാലയിൽ സെലിബ്രിറ്റികളും പങ്കെടുത്തിരുന്നു. അതിൽ ഒരാളായിരുന്നു അന്ന രാജൻ. എന്നാൽ അന്നയെ മോശമായി ചിത്രീകരിച്ചുള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ഭക്തരോട് മാപ്പ് പറഞ്ഞ് അന്ന രാജൻ രംഗത്ത് എത്തുകയും ചെയ്തു. ഭക്തിയോടെയാണ് താൻ പൊങ്കാല ഇട്ടതെന്നും എന്നാൽ പുറത്തുവന്ന ചില വീഡിയോകൾ തന്നെ വേദനിപ്പിച്ചെന്നുമായിരുന്നു അന്ന ക്ഷമ പറഞ്ഞ് കുറിച്ചത്.
ഇപ്പോഴിതാ അന്ന രാജന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടൻ മാധവ് സുരേഷ്. അന്ന മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും അതിന് വേണ്ടിയുള്ളതൊന്നും ചെയ്തിട്ടില്ലെന്നും മാധവ് പറയുന്നു. പൂജ ചെയ്യുന്ന സ്ത്രീകളുടെ പവിത്രതയെ മാനിക്കാതെയാണ് മാധ്യമങ്ങളും മാധ്യമങ്ങളാകാൻ ശ്രമിക്കുന്നവരും ദൃശ്യം പകർത്തുന്നതെന്നും മാധവ് രോഷത്തോടെ പറയുന്നു.
'പൂജ നടത്തുന്ന സ്ത്രീകളുടെ പവിത്രതയെ മാനിക്കാതെ, മാധ്യമങ്ങളും മാധ്യമങ്ങളാകാൻ ശ്രമിക്കുന്നവരും ക്ലിക്ക് ബൈറ്റുകൾക്ക് വേണ്ടിയും കാഴ്ചകൾക്ക് വേണ്ടിയും ഇത്തരം ദൃശ്യങ്ങൾ പകർത്തുകയാണ്. അതുകാരണം നിലനിൽപ്പിന് വേണ്ടി ആളുകൾക്ക് (സെലിബ്രിറ്റികൾ) ക്ഷമാപണം നടത്തേണ്ടി വരുന്നു. അന്നാ.. നിങ്ങൾ മാപ്പ് പറയേണ്ടതില്ല. കാരണം നിങ്ങൾ ഒന്നും ചെയ്തിട്ടില്ല. നട്ടെല്ലില്ലാത്ത സൂത്രശാലിയായ പാമ്പുകളെപ്പോലെ പെരുമാറുന്ന മാധ്യമങ്ങളാണ് മാപ്പ് പറയേണ്ടത്. നാം നാണംകെട്ട സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. അത് അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു', എന്നാണ് അന്ന രാജന്റെ മാപ്പ് പോസ്റ്റ് പങ്കിട്ട് മാധവ് സുരേഷ് കുറിച്ചത്.

പൊങ്കാല ദിവസം അന്ന രാജന്‍ പറഞ്ഞത്
കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് ഷൂട്ട് ഉണ്ടായിരുന്നു. എന്നാല്‍ വരാൻ പറ്റിയില്ല. ഈ വർഷം പെട്ടെന്നായിരുന്നു എല്ലാം. കഴിഞ്ഞ ദിവസമാണ് പ്ലാൻ ചെയ്തത്. ഭയങ്കര സന്തോഷം തോന്നുന്നു. വലിയൊരു പോസിറ്റിവ് ഫീൽ ആണ്, അനുഗ്രഹം ലഭിച്ചതായി തോന്നുന്നു. ലക്ഷക്കണക്കിന് ആളുകൾ പൊങ്കാല അർപ്പിക്കുന്നത് മൊബൈലിലൂടെയും ടിവിയിലൂടെയും കണ്ടിട്ടുണ്ട്. ഇന്നിപ്പോൾ ഞാനും അതിന്റെ ഭാഗമായതിൽ സന്തോഷം. ദേവിക്കു വേണ്ടി ഇത്രയെങ്കിലുമൊക്കെ ചെയ്യേണ്ടേ.



