റീമേക്കുകളിൽ എന്നും മുന്നിലുള്ള ബോളിവുഡ് തന്നെയാണ് ട്രോളന്മാരുടെ ഇര.
മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് തുടരും. മോഹൻലാൽ നായകനായി എത്തിയ ചിത്രം കേരളത്തിൽ നിന്നുമാത്രം 100 കോടിയിലധികം രൂപ കളക്ഷൻ നേടിയിരുന്നു. ബെൻസ് അഥവ ഷൺമുഖൻ എന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രം നിലവിൽ ഒടിടിയിൽ സ്ട്രീമിംഗ് തുടരുകയാണ്. ഈ അവസരത്തിൽ ചിത്രത്തിന്റെ റീമേക്ക് സംബന്ധിച്ച അഭ്യൂഹങ്ങളും ഒരുവശത്ത് നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇവയെ ട്രോളിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ.
റീമേക്കുകളിൽ എന്നും മുന്നിലുള്ള ബോളിവുഡ് തന്നെയാണ് ട്രോളന്മാരുടെ ഇര. അജയ് ദേവ്ഗൺ, അക്ഷയ് കുമാർ എന്നിവരിൽ ആരെങ്കിലുമാകും തുടരും ഹിന്ദി റീമേക്കിൽ മോഹൻലാൽ കഥാപാത്രമാവുക എന്നാണ് അഭ്യൂഹങ്ങൾ. ഇതിനിടെ തെലുങ്ക് റീ മേക്കിനെ ട്രോളിയുള്ളൊരു വീഡിയോ സോഷ്യലിടത്ത് വൈറലാണ്. ചിരഞ്ജീവിയാണ് തെലുങ്ക് റീമേക്കിൽ ഷൺമുഖനാകുന്നതെന്നാണ് വീഡിയോയിൽ കാണിക്കുന്നത്.
ഒറ്റക്കൊമ്പന് പകരം ദിനോസറാണ് എത്തുന്നത്. ചിരഞ്ജീവി ആയത് കൊണ്ട് അംബാസിഡർ കാർ ഓടിക്കില്ലെന്നും പകരം ഹെലികോപ്റ്ററാകും ഉണ്ടാകുക. ഒപ്പം ടോളിവുഡ് സിനിമകളിൽ ഒഴിച്ചു കൂടാനാകാത്ത ഒരു ഐറ്റം ഡാൻസും ഉണ്ടാകുമെന്നും വീഡിയോയിൽ കാണിക്കുന്നുണ്ട്. വില്ലനായ പ്രകാശ് വർമയ്ക്ക് പകരം പവൻ കല്യാണാണ് എത്തുക.
ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രസകരമായ കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. 'കഥയിൽ ചെറിയൊരു വ്യത്യാസം. കൊന്ന് ചാക്കിൽ ആകുന്നത് ഡാഡിയെ ആണ്. കോളജ് പയ്യൻ ചിരു പ്രതികാരം ചെയ്യുന്നു, ഡെഡ് ബോഡിയായി റാം ചരണിന്റെ ഗസ്റ്റ് റോൾ ഉണ്ടാകും', എന്നാണ് ഒരാളുടെ കമന്റ്. അതേസമയം, തുടരും റീമേക്കിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ വന്നിട്ടില്ല. റീമേക്ക് വരികയാണെങ്കിൽ പോലും തനിക്ക് മോഹൻലാലിനെ അല്ലാതെ മറ്റാരെയും ഷൺമുഖനായി കാണാൻ സാധിക്കില്ലെന്നാണ് അടുത്തിടെ നിർമാതാവ് രഞ്ജിത്ത് പറഞ്ഞത്.



