രാത്രിയില്‍ സാഹസിക ബൈക്ക് പ്രകടനം നടത്തിയ യുവാക്കളോട് പൊട്ടിത്തെറിച്ച് നടന്‍ സൂര്യ. ഹെല്‍മറ്റ് ധരിക്കാതെ യുവാക്കള്‍ നടത്തിയ ബൈക്ക് പ്രകടനമാണ് സൂര്യയെ രോഷാകുലനാക്കിയത്. തന്റെ പുതിയ ചിത്രമായ 'താനേ സേര്‍ന്ത കൂട്ടത്തിന്റെ' തെലുങ്ക് പതിപ്പ് 'ഗ്യാങ്ങിന്റെ' പ്രൊമോഷന് വേണ്ടി ആന്ധ്രയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
രാത്രിയില്‍ കാറില്‍ യാത്ര ചെയ്യവേയാണ് യുവാക്കളുടെ സാഹസിക െൈബക്ക് യാത്ര സൂര്യ ശ്രദ്ധിച്ചത്. ഇതിനിടയില്‍ ഒരു യുവാവ് സൂര്യയുടെ കാറിന്റെ ടയറിന് സമീപത്തായി വീണു. യുവാവ് ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഇതില്‍ ക്ഷുഭിതനായ സൂര്യ കാറില്‍ നിന്നിറങ്ങി യുവാക്കളോട് ദേഷ്യപ്പെടുകയായിരുന്നു. ഇതേ സമയം ആരാധകര്‍ ജയ് സൂര്യ എന്ന് അദ്ദേഹത്തെ നോക്കി ആര്‍ത്തുവിളിച്ചു.
സംഭവം നടന്നതിന്റെ പിറ്റേദിവസം മാധ്യമങ്ങളോട് സംസാരിക്കവേയാണ് സൂര്യ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. 'ഞാന്‍ തിരിച്ച് വരുമ്പോഴാണ് യുവാക്കളുടെ ബൈക്ക് റാലി കണ്ടത്. എന്റെ സഹോദരന്മാര്‍ ഹെല്‍മറ്റില്ലാതെയാണ് ബൈക്ക് ഓടിച്ചിരുന്നത്. അതില്‍ ഒരാള്‍ക്ക് മാത്രമാണ് ഹെല്‍മറ്റ് ഉണ്ടായിരുന്നത്. ഒരു ബൈക്ക് ഓടിച്ചിരുന്നയാള്‍ എന്റെ കാറിന് അടുത്തായി വീണു. അയാള്‍ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ അതെനിക്ക് ജീവിത കാലം മുഴുവനും വിഷമം ആയേനെ' സൂര്യ പറഞ്ഞു.
'എനിക്കായി നിങ്ങളുടെ സ്‌നേഹം തരാം. പക്ഷേ ജീവന്‍ തരരുത്. ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. ജീവിതം വിലപ്പെട്ടതാണ് 25 ാം വയസ്സില്‍ നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ നേടാനുണ്ട്. കരിയറില്‍ നിറയെ വിജയങ്ങള്‍ നേടാനുണ്ട്. ദയവ് ചെയ്ത ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കുക. സൂര്യ കൂട്ടിച്ചേര്‍ത്തു.

