ഊര്‍മ്മിള ഉണ്ണിയും രാജി വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു സിനിമയിലെ പുരുഷ മേധാവിത്വം അവസാനിക്കണം

കൊച്ചി: താരസംഘടനയായ അമ്മയിൽ നിന്ന് രാജിവച്ച ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ക്ക് പിന്തുണയുമായി നടിയും സൗമൂഹ്യപ്രവര്‍ത്തകയുമായ രഞ്ജിനി. നടിയെ അക്രമിച്ച കേസില്‍ പുറത്താക്കിയ ദിലീപിനെ അമ്മ തിരിച്ചെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇരയായ നടിയും റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരും അമ്മയില്‍ നിന്നും രാജി വച്ചു. രാജി വച്ച സഹോദരിമാര്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന രഞ്ജിനി മലയാള സിനിമയിലെ ലിംഗവിവേചനത്തിനും ലൈംഗിക ചൂഷണത്തിനുമെതിരെയുള്ള വിപ്ലവകരമായ തുടക്കമാണിതെന്ന് തന്‍റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

തങ്ങളുടെ സഹോദരിക്ക് നീതി ലഭിക്കണം. ഊര്‍മ്മിള ഉണ്ണി അടക്കമുള്ള നടിമാര്‍ തങ്ങളുടെ സഹോദരിക്ക് നീതി ലഭിക്കാനായി അമ്മയില്‍ നിന്നും രാജി വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഭിനയത്തിലേക്ക് തിരിച്ച് വന്നതിന് ശേഷം ഇതുവരെ അമ്മയില്‍ അംഗത്വമെടുത്തിട്ടില്ല. സിനിമയിലെ പുരുഷ മേധാവിത്വം അവസാനിക്കാനിതൊരു തുടക്കമാവട്ടെയെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.