കൊച്ചി: പഫ്സ് രണ്ടെണ്ണത്തിന് 250, കട്ടൻ ചായയ്ക്ക് 80, കാപ്പിക്ക് 100. ആകെ മൊത്തം രണ്ടു പഫ്സിനും ഒരു കാപ്പിക്കും ഒരു കട്ടൻ ചായയ്ക്കും കൂടി 680 രൂപ. ഇങ്ങനെയൊരു ബില്ല് കണ്ടാല്‍ ആരും ഞെട്ടും. നടി അനുശ്രീയും അങ്ങനെയൊന്ന് ഞെട്ടി. ചായയും കടിയും കഴിച്ചതിന് വലിയ ബില്ല് കൊടുത്ത് അനുശ്രീയെ ഞെട്ടിച്ചത്. ഏതെങ്കിലും സ്റ്റാര്‍ ഹോട്ടലുകാരൊന്നുമല്ല, നമ്മുടെ തിരുവനന്തപുരം വിമാനത്താവളക്കാരാണ്.

അനുശ്രീ ഫെയ്സ്ബുക്കിൽ ബില്ലിന്റെ ഫോട്ടൊ സഹിതം എഴുതിയ കുറിപ്പിലാണ് ഞെട്ടിക്കുന്ന വിലയെക്കുറിച്ചുള്ള വിവരങ്ങൾ എഴുതിയിരിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര ടെർമിനലിലെ കോഫീ ഷോപ്പിൽ (കിച്ചൺ റെസ്റ്റോറന്റ്) നിന്നും രണ്ടു പഫ്സും കാപ്പിയും കട്ടൻ ചായയും കഴിച്ചപ്പോഴാണ് അനുശ്രീക്ക് 680 രൂപ ബില്ല് കണ്ട് അനുശ്രീ അന്തംവിട്ടു. എന്നാലും അന്താരാഷ്ട്ര വിമാനത്താവളമേ...! ഇങ്ങനെ അന്തം വിടീക്കല്ലേ എന്നാണ് അനുശ്രീ ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്.

അധികാരപ്പെട്ടവർ ഇതു ശ്രദ്ധിക്കുമെന്നും ജനങ്ങൾക്കു വേണ്ടി ശരിയായ നടപടി എടുക്കുമെന്നും പ്രതീക്ഷയോടെ എന്നാണ് അനുശ്രീയുടെ കുറിപ്പ് അവസാനിക്കുന്നത്. നടിയുടെ ഫേസ്ബുക്ക് കുറിപ്പിനു താഴെ ഒരുപാട് പേര്‍ പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു.