കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. നടിയെ ആക്രമിച്ച കേസില്‍ രണ്ട് മാസത്തിലധികമായി റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് സമര്‍പ്പിച്ച നാലാമത്തെ ജാമ്യാപേക്ഷയിലാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയുന്നത്. മുന്‍പ് മജിസ്ട്രേറ്റ് കോടതി ഒരു തവണയും ഹൈക്കോടതി രണ്ട് തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. രാവിലെ പതിനൊന്നോടെ ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദിലീപ്. അന്വേഷണ സംഘത്തിന്റെ വാദങ്ങളെ കോടതിയില്‍ ശക്തമായി ദിലീപ് നേരിടും. തനിക്കെതിരെയുള്ളത് ആരോപണങ്ങള്‍ മാത്രമാണെന്നാണ് ദിലീപിന്റെ വാദം. ജാമ്യാപേക്ഷയില്‍ ദിലീപിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങളിങ്ങനെയാണ്, കേസിന്റെ നാള്‍ വഴികളിലൂടെ.

ജാമ്യാപേക്ഷയില്‍ ദിലീപ് പറയുന്നത്

1. തനിക്കെതിരെയുള്ളത് നടിയുടെ നഗ്‌നദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം മാത്രം

2. കൂട്ടബലാത്സംഗക്കുറ്റം നിലനില്‍ക്കില്ല

3. അന്വേഷണം നിരവധി കേസുകളില്‍ പ്രതിയായ സുനില്‍ കുമാറിന്റെ മൊഴിയെ ആശ്രയിച്ച്

4. പ്രോസിക്യൂഷന് കൂടുതല്‍ തെളിവുകളൊന്നും ഹാജരാക്കാനായില്ല

5. കേസില്‍ രണ്ടുമാസത്തിലേറെയായി ജയില്‍വാസം അനുഭവിക്കുന്നു

6. ക്രിമിനല്‍ നടപടി ചട്ടം 167 (2) പ്രകാരം ജാമ്യത്തിന് അര്‍ഹതയുണ്ട്

7. 2017ലെ സുപ്രീംകോടതി ഉത്തരവ് ഈ വാദം ശരിവയ്ക്കുന്നു

8. ജാമ്യം നല്‍കിയാല്‍ അന്വേഷണവുമായി സഹകരിക്കുമെന്നും ദിലീപ്


പ്രോസിക്യൂഷന്‍ പറയുന്നത്

1. ദിലീപാണ് കുറ്റകൃത്യം നടത്താന്‍ ക്വട്ടേഷന്‍ നല്‍കിയത്

2. ക്വട്ടേഷന്‍ നല്‍കിയ ആളും കൂട്ടബലാത്സംഗക്കേസില്‍ പ്രതിയാകും

3. ദിലീപിനെതിരെ 376 (d) വകുപ്പ് നിലനില്‍ക്കും

4. ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്

5. ഇത്തരം കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 ദിവസത്തെ സാവകാശമുണ്ട്

6. ദിലീപിന് ഇപ്പോള്‍ ജാമ്യത്തിന് അര്‍ഹതയില്ല

7. ദിലീപ് സിനിമാ മേഖലയില്‍ സ്വാധീനമുള്ളയാള്‍

8. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കും

9. കേസ് ഡയറിയും ദിലീപിന്റെ ഫോണ്‍ വിളിയുടെ വിശദാശങ്ങളും പ്രോസിക്യൂഷന്‍ ഹാജരാക്കി

കേസിന്റെ നാള്‍ വഴി

1) നടിയെ ആക്രമിച്ച സംഭവം നടന്നത് 2017 ഫെബ്രുവരി 17ന്

2) ആദ്യ കുറ്റപത്രത്തില്‍ ഏഴുപ്രതികള്‍, സമര്‍പ്പിച്ചത് മാര്‍ച്ച് അവസാനവാരം

3) കൃത്യത്തില്‍ പങ്കെടുത്തവരും പ്രതികളെ ഒളിപ്പിച്ചവരുമാണ് പ്രതിചേര്‍ക്കപ്പെട്ടത്

4) ദിലീപിനെതിരെ അന്വേഷണം തുടങ്ങിയത് ആദ്യകുറ്റപത്രത്തിനുശേഷം

5) കൃത്യത്തിനുപിന്നില്‍ വന്‍ ഗൂഡാലോചനയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍

6) നാദിര്‍ഷക്ക് ജയിലില്‍ നിന്ന് ഫോണ്‍വിളിയെത്തുന്നത് മാര്‍ച്ച് 28ന്

7) ക്വട്ടേഷന്‍ തുകയായ ഒന്നരക്കോടി ദിലീപിന്റെ കൈയ്യില്‍ നിന്ന് വാങ്ങിനല്‍കണമെന്നായിരുന്നു ആവശ്യം

8) സുനില്‍കുമാര്‍ ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചെന്നാരോപിച്ച് ദിലീപ് ഡിജിപിക്ക് പരാതി നല്‍കുന്നത് ഏപ്രില്‍ 21 ന്

9) മേയ് അവസാനവാരം ആക്രമിക്കപ്പെട്ട നടിയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി

10) സുനില്‍കുമാറിന്റെ സഹതടവുകാരനായിരുന്ന ജിന്‍സണ്‍ അടക്കമുളളവരുടെ രഹസ്യമൊഴി ജൂണ്‍ ആദ്യവാരം രേഖപ്പെടുത്തി

11) ദിലീപിനേയും നാദിര്‍ഷയേയും ചോദ്യം 13 മണിക്കൂര്‍ ചോദ്യം ചെയ്യുന്നത് ജൂണ്‍ 28ന്

12) ദിലീപിനെ അറസ്റ്റുചെയ്യുന്നത് ജൂലൈ 10ന്

13) മൂന്നു ദിവസത്തെ കസ്റ്റഡിക്കുശേഷം ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍

14) ആദ്യം മജിസ്‌ട്രേറ്റ് കോടതിയും രണ്ടുതവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷകള്‍ തളളി