കൊച്ചി: മലയാളത്തിലെ ന്യൂജനറേഷന്‍ കാലത്ത് ഒഴിവാക്കാന്‍ കഴിയാത്ത സാന്നിധ്യമാണ് നടി ലെന. യുവതാരങ്ങളുടെ അമ്മ വേഷത്തില്‍ ലെനയെ പല ചിത്രത്തിലും കണ്ടു. ഇത്തരം അമ്മ വേഷങ്ങളില്‍ തന്നെ ആശങ്കപ്പെടുത്തിയത് എന്ന് നിന്‍റെ മൊയ്തീനിലെ പൃഥ്വിരാജിന്റെ അമ്മ വേഷമായിരുന്നെന്നാണ് ലെന പറയുന്നത്.  ഒരു പത്രത്തിന്‍റെ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ലെനയുടെ വെളിപ്പെടുത്തല്‍.

'എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ സംവിധായകന്‍ വിമല്‍ എന്‍റെ അടുത്ത് എത്തി ക്യാരക്ടര്‍ പറഞ്ഞു. പാത്തുമ്മ എന്നാണ് കഥാപാത്രത്തിന്‍റെ പേര്, പൃഥ്വിരാജിന്റെ അമ്മയാണ് എന്നു പറഞ്ഞു. അപ്പോ ഞാന്‍ ചോദിച്ചു ഞാനും പൃഥ്വിരാജും ഒരേ പ്രായക്കാരാ, ഇതെന്തിനാ ഞാന്‍ ഇയാളുടെ അമ്മയായിട്ട് അഭിനയിക്കുന്നത്.'

'അല്ല ഇത് നിങ്ങള് ചെയ്തേ പറ്റൂ എന്ന് പറഞ്ഞു. അപ്പോ ഓട്ടോമാറ്റിക്കലി നമ്മള്‍ ആലോചിക്കുമല്ലോ? എന്താ ഇപ്പോ ചെയ്യേണ്ടത്. ഡയറക്ടര്‍ വിമലാണെങ്കില്‍ വാശി പിടിച്ചിരിക്കുകയാണ്. ഇല്ല നിങ്ങളെ പറ്റൂ, ഈ ക്യാരക്ടര്‍ നിങ്ങളാണ് ചെയ്യേണ്ടത്. 

പൃഥ്വിരാജിന്റെ അമ്മയുടെ ക്യാരക്ടര്‍ ചെയ്ത് അത് ആള്‍ക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റണ്ടേ?, അത് ആദ്യം എനിക്ക് അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിയുമെന്ന് തോന്നണമല്ലോ. സിനിമ തിയേറ്ററില്‍ കണ്ടപ്പോഴാണ് തനിക്ക് സമാധാനമായത്'.- ലെന പറഞ്ഞു.