കൊച്ചി: നടിയെ അക്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ ആരോപണ വിധേയരായ നടന്‍ ദിലീപും നാദിര്‍ഷയും നിയമനടപടികളിലേക്ക്. ദിലീപും നാദിര്‍ ഷായും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്നാണ് വിവരം. ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന്റെ സാധ്യതകള്‍ ആരാഞ്ഞ് പ്രമുഖ അഭിഭാഷകരുമായി ചര്‍ച്ച നടത്തി.
കഴിഞ്ഞ രണ്ട് ദിവസമായി ദിലീപുമായി ബന്ധപ്പെട്ട ആളുകള്‍ കൊച്ചിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തുന്നുണ്ട്. അഡ്വ. രാംകുമാറടക്കമുള്ളവരെയാണ് ഇവര്‍ സമീപിപ്പിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയാല്‍ അനുകൂലനടപടി ഉണ്ടാകില്ലെന്നാണ് അഭിഭാഷകര്‍ നല്‍കിയ ഉപദേശം.
ചി മുതിര്‍ന്ന അഭിഭാഷകര്‍ ഇപ്പോഴത്തെ അവസ്ഥയില്‍ പോലീസിനെ പ്രകോകിപ്പിക്കരുതെന്നും മുന്‍കൂര്‍ ജാമ്യം തള്ളിയാല്‍ അറസ്റ്റിലേക്ക് നയിക്കുമെന്നും അഭിഭാഷകര്‍ അറിയിച്ചതായാണ് സൂചന. അടുത്ത ദിവസങ്ങളില്‍ ദിലീപും നാദിര്‍ഷയും ഹൈക്കോടതിയെ സമീപിപ്പിച്ചേക്കും.
അതേസമയം ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ അമ്മയെയും പോലീസ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ദിലീപിന്റെ ആദ്യ മൊഴിയെടുത്തതിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ വേണ്ടി വരുമെന്നാണ് പോലീസിന്റെ നിലപാട്.
ഇവര്‍ക്കെതിരായ സാഹചര്യത്തെളിവുകള്‍ കണക്കിലെടുത്ത് ശക്തമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. നേരിട്ടുള്ള തെളിവുകള്‍ ലഭിച്ചാലുടന്‍ ശക്തമായ നടപടികളുണ്ടാകുമെന്നാണ് പോലീസിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്ന വിവരം.
