ചെന്നൈ: ഒരുകാലത്ത് തെന്നിന്ത്യയുടെ പ്രീയ താരമായിരുന്ന നടി നമിത കഴിഞ്ഞ ദിവസമാണ് താന്‍ വിവാഹിതയാകാന്‍ പോകുന്നെന്ന വാര്‍ത്ത ഔദ്യോഗികമായി പങ്കുവെച്ചത്. ചെന്നൈ സ്വദേശി വീരേന്ദര്‍ ചൗധരിയാണ് വരന്‍. 2016ലാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയത്. പ്രണയ കഥ ആരാധകര്‍ക്കായി നമിത തന്നെ പങ്കുവെച്ചു. 

ഞാനും വീറും നവംബര്‍ 24ന് തിരുപ്പതിയില്‍ വെച്ച് വിവാഹിതരാകാന്‍ പോകുന്ന കാര്യം നിങ്ങള്‍ അറിഞ്ഞുവെന്ന് എനിക്ക് വിശ്വാസമുണ്ട്. വീര്‍ എന്റെ ആത്മമിത്രവും മനസാക്ഷി സൂക്ഷിപ്പുകാരനുമാണ്. അദ്ദേഹം നടനും നിര്‍മ്മാതാവുമാണ്. ഇതൊരു അറേഞ്ച്ഡ് ലൗവ് മാര്യേജ് ആണ്. 

ഞങ്ങളുടെ രണ്ടു പേരുടെയും അടുത്ത സുഹൃത്തായ ശശിധര്‍ ബാബു വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. നല്ല സുഹൃത്തുക്കളായി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറാം തീയതി ബീച്ചില്‍ വെച്ച് അവനെന്നോട് ഏറെ പ്രണയാതുരനായി സ്‌നേഹം വെളിപ്പെടുത്തി. 

അവിടെ എനിക്കു വേണ്ടി കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ഒരുക്കിയിരുന്നു. ഞാനാരെ അമ്പരന്നു പോയി. കാരണം ഞാനിതൊന്നും പ്രതീക്ഷിച്ചിരുന്നില്ല'. ഞങ്ങള്‍ ഒരുപോലെ ചിന്തിക്കുന്നവരാണ്. ഒരേ ജീവിതലക്ഷ്യമാണ്. ആത്മീയമായും ഏറെ ഔന്നിത്യമുള്ളവരാണ്. ഇക്കാരണങ്ങളാണ് വീറിനോട് സമ്മതം പറയാനും എന്നെ പ്രേരിപ്പിച്ചത്. 

യാത്ര പോകാനും, ട്രക്കിങ് നടത്താനും ഞങ്ങള്‍ ഒരു പോലെ ഇഷ്ടപ്പെടുന്നു. എനിക്ക് മുന്‍ഗണന നല്‍കുന്ന ഒരു വ്യക്തിയെ ലഭിച്ചത് എന്‍റെ ഏറ്റവും വലിയ അനുഗ്രഹമാണ്. ഇവിടെ ആരും ആരുടെയും പിറകേ നടന്നിട്ടില്ല. ഇക്കഴിഞ്ഞ മൂന്നു മാസങ്ങളായി അവനെ മനസ്സിലാക്കിയതില്‍ അവനെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണെന്ന് തിരിച്ചറിയുന്നു. 

പുരുഷന്മാരിലുള്ള സ്‌നേഹവും വിശ്വാസവും തിരികെ വന്നത് അവന്റെ സ്‌നേഹവും പിന്തുണയും കൊണ്ടാണ്. വിവാഹ വാര്‍ത്ത അറിഞ്ഞതു മുതല്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ആശിര്‍വദിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്ന് നമിത പറഞ്ഞു.