കൊച്ചി: ബിജെപിയുടെ ഹര്‍ത്താലിനെ പോലും തകര്‍ത്തെറിഞ്ഞ് തീയറ്ററുകളെ പൂരപ്പറമ്പാക്കുകയാണ് മോഹന്‍ലാല്‍ ചിത്രം ഒടിയന്‍. ഒരു വര്‍ഷത്തിന് മേലെ അക്ഷമരായി കാത്തിരുന്ന ചിത്രത്തിനായി എണ്ണമറ്റ ഫാന്‍ ഷോകളാണ് മോഹന്‍ലാല്‍ ആരാധകര്‍ നടത്തിയത്.  

ആരാധകരുടെ ആഘോഷതിമിര്‍പ്പിനിടയില്‍ മോഹന്‍ലാലിന്‍റെ ഒടിവിദ്യകള്‍ ആസ്വദിക്കാന്‍ പ്രമുഖരുടെ നീണ്ട നിര തന്നെയാണ് ആദ്യ ദിനം തീയറ്ററുകളിലേക്ക് ഒഴുകിയെത്തിയത്. മോഹന്‍ലാലിന്‍റെ ഭാര്യ അടക്കമുള്ളവര്‍ രാവിലത്തെ ഷോയ്ക്ക് എത്തിയിരുന്നു. പുലര്‍ച്ചെയുള്ള ഷോ കണ്ടതിന്‍റെ ആവേശത്തിലായിരുന്നു തീവണ്ടിയിലൂടെ ശ്രദ്ധേയയായ നടി സംയുക്ത മേനോന്‍.

കാലത്ത് നാലരയ്ക്ക് എണീറ്റ് വന്നത് തന്നെ ഈ സിനിമ കാണാനാണ്. 'ഐ ലവ്ഡ് ഇറ്റ്' എന്നാണ് സിനിമ കണ്ട ശേഷം സംയുക്ത പ്രതികരിച്ചത്. നടനവിസ്മയം എന്നൊക്കെ പറയുന്നത് ഇതാണെന്നും മോഹന്‍ലാലിന്‍റെ അഭിനയത്തെ പ്രകീര്‍ത്തിച്ച് സംയുക്ത പറഞ്ഞു.

എറണാകുളം കവിത തീയറ്ററിലാണ് സംയുക്ത സിനിമ കാണാന്‍ എത്തിയത്. സംയുക്തയെ കൂടാതെ ഉണ്ണി മുകുന്ദന്‍, ഫര്‍ഹാന്‍ ഫാസില്‍, നീരജ് മാധവ് എന്നിങ്ങനെ സിനിമ രംഗത്തെ നിരവധി പ്രമുഖരും ഒടിയന്‍ ആദ്യ ദിനം കാണാനെത്തി. പടം കണ്ട ശേഷം മികച്ച കഥയാണെന്നും നല്ലൊരു എന്‍റര്‍ടെയ്നറുമാണ് ഒടിയനെന്നാണ് മോഹന്‍ലാലിന്‍റെ ഭാര്യ സുചിത്ര പ്രതികരിച്ചത്.