ആസിഫ് അലിയെ നായകനാക്കി രോഹിത് വി എസ് ഒരുക്കിയ ചിത്രമാണ് അഡ്വവഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍. സിനിമയുടെ വ്യത്യസ്‍തമായ പ്രമേയവും മേയ്‍ക്കിംഗും ആസിഫ് അലിയുടെ അഭിനയവും പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ തീയേറ്ററില്‍ നിന്ന് പുറത്താകുന്ന അവസ്ഥയിലാണ് സിനിമ. ഇക്കാര്യം സംവിധായകന്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. "കാണണം എന്ന് ആഗ്രഹമുള്ളവർ പെട്ടെന്ന് കണ്ടോ, ഇപ്പോ തെറിക്കും തിയേറ്ററിൽ നിന്ന്" എന്നായിരുന്നു രോഹിത്തിന്റെ പോസ്റ്റ്. തുടര്‍ന്ന് ഗോധയുടെ സംവിധായകന്‍ ബേസില്‍, ആസിഫ് അലി, റിമാ കല്ലിങ്കല്‍ തുടങ്ങിയവര്‍ പിന്തുണയുമായി എത്തി. സിനിമയെ പിന്തുണയ്ക്കണം എന്നാവശ്യപ്പെട്ട് ആസിഫ് അലിയും ഫേസ്ബുക്കില്‍ കുറിപ്പെഴുതി. എന്തായാലും സിനിമാ ആരാധകര്‍ ആ അഭ്യര്‍ഥന കേട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം ഏരീസ് തീയേറ്ററിലെ 10.15ലെ ഷോയുടെ ബുക്കിംഗ് സ്റ്റാറ്റസ് അതാണ് സൂചിപ്പിക്കുന്നത്.