നടിമാർക്കെതിരെ മോശം പരാമർശം; രാഹുലിനും പാണ്ഡ്യക്കും പിന്നാലെ പുലിവാല് പിടിച്ച് രൺവീർ സിംഗ്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 4:12 PM IST
After Hardik Pandya Row social media Digs Up Ranveer Singh's Sexist remarks
Highlights

അന്നത്തെ ആ ചാറ്റ് ഷോയ്ക്കിടെ അനുഷ്ക്കയെക്കുറിച്ചും കരീനയെക്കുറിച്ചും രൺവീർ സിംഗ് പറയുന്ന വിവാദ പരാമർശങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. ചാറ്റ് ഷോയുടെ മൂന്നാമത്തെ എപ്പിസോഡിലായിരുന്നു സംഭവം. ആ എപ്പിസോഡിലെ ചില രംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുകയാണ്.

മുംബൈ: ക്രിക്കറ്റ് താരങ്ങളായ കെ എല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡ്യക്കും പിന്നാലെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ബോളിവുഡ് താരം രൺവീർ സിംഗിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. കരൺ ജോഹർ അവതാരകനായെത്തുന്ന 'കോഫി വിത്ത് കരണ്‍' എന്ന ചാറ്റ് ഷോയിൽ 10 വർഷങ്ങൾക്ക് മുമ്പ് താരം പറഞ്ഞ പരാമർശങ്ങൾക്കെതിരേയാണ് വിമർശനങ്ങളുമായി ആളുകൾ രംഗത്തെത്തിയിരിക്കുന്നത്. 

ആദ്യ സിനിമയായ ബാൻഡ് ബജാ ഭാരത് എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനായാണ് രൺവീർ സിംഗും ബോളിവുഡ് താരവും ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്ക ശർമ്മയും കോഫി വിത്ത് കരണ്‍ ഷോയിൽ പങ്കെടുക്കുന്നത്. അന്നത്തെ ആ ചാറ്റ് ഷോയ്ക്കിടെ അനുഷ്ക്കയെക്കുറിച്ചും കരീനയെക്കുറിച്ചും രൺവീർ സിംഗ് പറയുന്ന വിവാദ പരാമർശങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. ചാറ്റ് ഷോയുടെ മൂന്നാമത്തെ എപ്പിസോഡിലായിരുന്നു സംഭവം. ആ എപ്പിസോഡിലെ ചില രംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുകയാണ്.

രൺവീർ സിംഗിന്റെ പരാമർശത്തിൽ ദേഷ്യം വന്ന അനുഷ്ക നടനെ അടിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാമായിരുന്നു. എന്നോട് നിങ്ങൾ ഇത്തരത്തിൽ സംസാരിക്കരുതെന്ന് പറഞ്ഞാണ് അനുഷ്ക രൺവീറിനെ അടിക്കുന്നത്. ബോളിവുഡ് താരം കരീന കപൂറിനെക്കുറിച്ചും വളരെ മോശം പരാമർശനങ്ങളാണ് താരം നടത്തിയതെന്ന് ആരാധകർ ഉന്നയിക്കുന്നു.

അതേസമയം, കോഫി വിത്ത് കരണ്‍' ചാറ്റ് ഷോയിൽ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് രാഹുലിനും ഹാര്‍ദിക് പാണ്ഡ്യക്കുമെതിരെ ബിസിസിഐ നടപടിക്ക് ശുപാര്‍ശ ചെയ്തത്. അച്ചടക്ക നടപടിയുടെ ഭാഗമായി ഇരു താരങ്ങളെയും രണ്ട് ഏകദിന മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്നാണ് സുപ്രീം കോടതി നിയമിച്ച കമ്മറ്റി തലവന്‍ വിനോദ് റായ് സമിതി ശുപാര്‍ശ ചെയ്തു. ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ശനിയാഴ്ച തുടങ്ങാനിരിക്കെയാണ് ഇരുതാരങ്ങള്‍ക്കും കനത്ത തിരിച്ചടിയാവുന്ന തീരുമാനം.

നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍  അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹാര്‍ദിക് പരിപാടിയുടെ അവതാരകനായ കരണ്‍ ജോഹറിനോട് വെളിപ്പെടുത്തിയത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവര്‍ ചോദിക്കാതെ തന്നെയാണ് പറയുന്നതെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.  

പരിപാടിയില്‍ ഹാര്‍ദിക്കിനൊപ്പം പങ്കെടുത്ത കെ എല്‍ രാഹുലും ലൈംഗിക ജീവിതത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തി. തന്റെ പോക്കറ്റില്‍ നിന്ന് 18 വയസിനുള്ളില്‍ പിതാവ് കോണ്ടം കണ്ടെത്തി ശാസിച്ച കാര്യമാണ് കെ എല്‍ രാഹുല്‍ തുറന്ന് പറഞ്ഞത്. സാമൂഹ്യമാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനമാണ് താരങ്ങള്‍ക്ക് വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നേരിടേണ്ടി വന്നത്. ഇതിനിടെ ഇരുവരും പങ്കെടുത്ത 'കോഫി വിത്ത് കരണ്‍' ചാറ്റ് ഷോയിലെ സീസണ്‍ ആറാമത്തെ എപ്പിസോഡ് വിവാദമായതിനെ തുടര്‍ന്ന് ഹോട്ട്സ്റ്റാർ പിന്‍വലിച്ചു.
 

loader