കൊച്ചി: വർഷങ്ങൾ നീണ്ട ഗോസിപ്പുകൾക്കാണ് ദിലീപ്-കാവ്യാ മാധവന്‍ വിവാഹത്തോടെ ഇന്ന് അവസാനമായത്. സിനിമാജീവിതം തുടങ്ങി കാൽനൂറ്റാണ്ട് പിന്നിടുമ്പോഴാണ് 32 കാരിയായ കാവ്യയും 48 വയസ്സുള്ള ദിലീപും ഒന്നിക്കുന്നത്. കുടുംബസദസ്സുകളുടെ പ്രിയതാരങ്ങൾ ഒന്നിച്ച് കുടുംബജീവിതം തുടങ്ങുമ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് കൂടി തിരശ്ശീല വീണു. പൂക്കാലം വരവായി എന്ന ചിത്രത്തിൽ മുഖം കാണിച്ച നീലേശ്വരംകാരിക്ക് , ക്ലാപ്പടിച്ച സഹസംവിധായകൻ ഗോപാലകൃഷ്ണൻ 25 വർഷങ്ങൾക്കിപ്പുറം ജീവിതപങ്കാളി ആയ കാഴ്ച.

കമൽ എന്ന സംവിധായകൻ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ കാവ്യയും ദിലീപും, ആദ്യമായി നായികാനായകൻമാരാകുന്നത് 1999ൽ ലാൽജോസ് ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ. അന്ന് കാവ്യ ഒൻപതാം ക്ലാസിൽ. പിന്നീടങ്ങോട്ട് ആ ജോഡി മലയാളികൾക്ക് പ്രിയപ്പെട്ടതായി. ഡാർലിംഗ് ഡാർലിംഗ്, മീശമാധവൻ, ദോസ്ത്, തെങ്കാശിപട്ടണം, തിളക്കം, സദാനന്ദന്റെ സമയം, റൺവേ, തുടങ്ങി അടൂരിന്റെ പിന്നെയും വരെ  21 ഓളം ചിത്രങ്ങൾ.

ഷീല നസീർ ജോഡി പോലെ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് പ്രണയതാരങ്ങളായി ദിലീപും കാവ്യയും വാഴ്ത്തപ്പെട്ടു. മീശമാധവൻ പുറത്തിറങ്ങിയപ്പോൾ മുതൽ ഗോസിപ്പുകൾ പരന്നിരുന്നു. എന്നാൽ സൗഹൃദം മാത്രമെന്ന് ഇരുവരും വിശദീകരിച്ചു. 2009ൽ പ്രവാസിയായ നിശാൽ ചന്ദ്രയെ കാവ്യ വിവാഹം ചെയ്തതോടെ അഭ്യൂഹങ്ങൾ അവസാനിച്ചെങ്കിലും മാസങ്ങൾക്കുള്ളിൽ തന്നെ ആ ദാമ്പത്യം വഴിപിരിഞ്ഞു.

2011ൽ വിവാഹമോചനം. കാവ്യ വീണ്ടും സിനിമയിൽ സജീവമായി. അതിനിടയിലാണ് ദിലീപ്-മഞ്ജു ദാമ്പത്യത്തിലും വിള്ളലുണ്ടാകുന്നത്. 1998 ൽ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് പ്രണയിച്ച് വിവാഹിതരായ ഇരുവരും 2014ൽ ഏവരെയുംഞെട്ടിച്ചു കൊണ്ട് ബന്ധം വേർപെടുത്തുന്നതായി പ്രഖ്യാപിച്ചു. 2015ൽ കോടതി വിവാഹമോചനവും അനുവദിച്ചു. അതിന് ശേഷം ദിലീപ് കാവ്യ വിവാഹത്തെ കുറിച്ചുള്ള പ്രചാരണങ്ങൾ വീണ്ടും ശക്തമായി.

നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാവർത്തിച്ച താരങ്ങൾ ഒടുവിൽ കതിർമണ്ഡപത്തിലെത്തിയപ്പോൾ,ഒരു സിനിമാക്കഥപോലെ ശുഭപര്യവസാനം.