"ഇന്നലെ രാത്രി ഇന്ത്യയില്‍ തിരിച്ചെത്തിയതേയുള്ളൂ. അസ്വസ്ഥപ്പെടുത്തുന്ന വാര്‍ത്തകളൊക്കെ വായിച്ചു. ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ ഹൗസ്ഫുള്‍ 4ന്റെ ചിത്രീകരണം അവസാനിപ്പിക്കാന്‍ നിര്‍മ്മാതാക്കളോട് ഞാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്."
ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന നാനാ പടേക്കറിനൊപ്പം സംവിധായകന്‍ സാജിദ് ഖാനെതിരെയും മീ ടൂ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഹൗസ്ഫുള്‍ 4ന്റെ ചിത്രീകരണം നിര്‍ത്തിവച്ച് അക്ഷയ്കുമാര്‍. കഴിഞ്ഞ ദിവസം രാത്രി ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോഴാണ് അസ്വസ്ഥപ്പെടുത്തുന്ന വാര്‍ത്തകളൊക്കെ വായിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് ഹൗസ്ഫുള്‍ 4ന്റെ ചിത്രീകരണം തല്‍ക്കാലം നിര്‍ത്തിവെക്കുകയാണെന്ന വിവരം അക്ഷയ് കുമാര്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്.
ഇന്നലെ രാത്രി ഇന്ത്യയില്‍ തിരിച്ചെത്തിയതേയുള്ളൂ. അസ്വസ്ഥപ്പെടുത്തുന്ന വാര്‍ത്തകളൊക്കെ വായിച്ചു. ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ ഹൗസ്ഫുള്‍ 4ന്റെ ചിത്രീകരണം അവസാനിപ്പിക്കാന്‍ നിര്‍മ്മാതാക്കളോട് ഞാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. കണിശമായ നടപടികള്‍ വേണ്ട സംഗതിയാണ് ഇത്. മീ ടൂ ആരോപണങ്ങള്‍ തെളിയിക്കപ്പെടുന്നപക്ഷം അത്തരം ആളുകളോടൊപ്പം ഇനി ഞാന്‍ ജോലി ചെയ്യില്ല. അതേസമയം പീഡനം നേരിടേണ്ടിവന്നവര്‍ക്ക് പറയാനുള്ളത് കേള്‍ക്കേണ്ടതുണ്ട്. അവര്‍ അര്‍ഹിക്കുന്ന നീതിയും ലഭ്യമാക്കണം.
അക്ഷയ് കുമാര്‍
ഹൗസ്ഫുള്‍ 4 സംവിധായകന്‍ സാജിദ് ഖാനില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മൂന്ന് യുവതികളാണ് ഇന്നലെ രംഗത്തെത്തിയത്. നടി റേച്ചല്‍ വൈറ്റ്, സഹസംവിധായിക സലോണി ചോപ്ര, മാധ്യമപ്രവര്‍ത്തക കരിഷ്മ ഉപാധ്യായ് എന്നിവരാണ് മാധ്യമങ്ങളോട് തങ്ങളുടെ വ്യക്തിത്വം മറച്ചുവെക്കാതെ തന്നെ സാജിദിനെതിരായ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ഹംഷക്കല്‍സ്, ഹിമ്മത്‌വാല, ഹേയ് ബേബി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സാജിദ് ഖാന്‍ നൃത്ത സംവിധായികയും സംവിധായികയുമായ ഫറാ ഖാന്റെ സഹോദരനുമാണ്.
സാജിദ് നദിയാദ്‌വാല നിര്‍മ്മിക്കുന്ന ഹൗസ്ഫുള്‍ 4ന്റെ ചിത്രീകരണം ലണ്ടനിലും ജയ്‌സാല്‍മീറിലുമായി 70 ശതമാനം പൂര്‍ത്തിയായിരുന്നു. മുംബൈയിലാണ് അടുത്ത ഷെഡ്യൂള്‍ നടക്കേണ്ടിയിരുന്നത്. സംവിധായകനൊപ്പം ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന നാനാ പടേക്കറും മീ ടൂ ആരോപണത്തിന്‍ നിഴലിലാണ് എന്നതുകൂടി കണക്കിലെടുത്താണ് അക്ഷയ് കുമാറിന്റെ പിന്മാറ്റമെന്ന് നിര്‍മ്മാണക്കമ്പനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഹൗസ്ഫുള്‍ 4ന്റെ സംവിധായകസ്ഥാനത്തുനിന്ന് സാജിദ് ഖാനും പിന്മാറിയിട്ടുണ്ട്. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയുന്നത് വരെ താന്‍ മാറി നില്‍ക്കുകയാണെന്ന് സാജിദ് ട്വീറ്റ് ചെയ്തു.
