ദില്ലി: ബാല്യത്തില്‍ തനിക്ക് ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഏറ്റവും പുതിയ ചിത്രമായ ടോയ്‌ലറ്റ് ഏക് പ്രേം കഥയുടെ പ്രചരണത്തിനിടെയാണ് തന്റെ ആറാം വയസ്സില്‍ നേരിട്ട അനുഭവത്തെക്കുറിച്ച് വാചാലനായത്. 

എനിക്ക് ആറു വയസ്സുളളപ്പോഴാണ് ലൈംഗിക അധിക്ഷേപം ഉണ്ടായത്. അയല്‍വാസിയുടെ വീട്ടിലേക്ക് പോകാന്‍ ഞാന്‍ ലിഫ്റ്റില്‍ കയറി. ആ സമയത്ത് ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നയാള്‍ എന്‍റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. ഈ സംഭവത്തെക്കുറിച്ച് അച്ഛനോട് ഞാന്‍ പറഞ്ഞു. അദ്ദേഹം പൊലീസില്‍ പരാതി നല്‍കി. പൊലീസ് അയാളെ അറസ്റ്റ് ചെയ്തുവെന്ന് അക്ഷയ് കുമാര്‍ തുറന്നടിച്ചു. 

ഇത്തരം എന്തു കാര്യത്തെക്കുറിച്ചും തുറന്നു പറയാന്‍ എന്‍റെ മാതാപിതാക്കള്‍ ചെറുപ്പത്തില്‍ എന്നോട് പറയുമായിരുന്നു. അത് ലൈംഗിക വിഷയമാവട്ട, മറ്റുളളവരില്‍നിന്നുളള മോശം പെരുമാറ്റമാകട്ടെ, എന്തിനെക്കുറിച്ചും എനിക്ക് മാതാപിതാക്കളോട് തുറന്നു സംസാരിക്കാമായിരുന്നുവെന്നും അക്ഷയ് പറഞ്ഞു. 

ചെറുപ്പത്തില്‍ നാണം കുണുങ്ങിയായിരുന്ന കുട്ടിയായിരുന്നു എങ്കിലും ഈ വിഷയം താന്‍ മാതാപിതാക്കളുടെ അടുത്തു പറഞ്ഞു. സ്ത്രീകളേയും കുട്ടികളേയും തങ്ങള്‍ക്കുണ്ടാകുന്ന മോശം അനുഭവത്തെക്കുറിച്ച് മാതാപിതാക്കളുടെ അടുത്ത് പറയണമെന്നും അക്ഷയ് ഉപദേശിച്ചു.