ചെന്നൈ: മഹാ പ്രളയത്തില്‍ വിറങ്ങലിച്ച കേരളത്തിന് സഹായഹസ്തവുമായി തെന്നിന്ത്യന്‍ യുവ നടന്‍ അല്ലു അര്‍ജുനും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് താരം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

കേരളത്തിന്‍റെ സ്നേഹത്തെക്കുറിച്ച് വികാരഭരിതമായ കുറിപ്പെഴുതാനും താരം മറന്നില്ല. മലയാളികളുടെ അളവില്ലാത്ത സ്നേഹവും വാത്സല്യവും ഹൃദയത്തിൽ നിറഞ്ഞു നില്‍ക്കുകയാണ്. ആ സ്നേഹത്തിനുള്ള ആദരവ് പ്രകടിപ്പാന്‍ എന്നാല്‍ കഴിയുന്ന സഹായം ചെയ്യുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അല്ലു 25 ലക്ഷം നല്‍കുമെന്ന് അറിയിച്ചത്.

മലയാള തമിഴ് ചലച്ചിത്ര ലോകം ഒന്നടങ്കം പ്രളയ കെടുതി മറികടക്കാനുള്ള സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. അതിനിടയിലാണ് ടോളിവുഡില്‍ നിന്നും അല്ലു കൂടി എത്തിയത്.