ടോം ബോയ് ലുക്കില്‍ അമലാ പോള്‍. ജയറാം നായകനാകുന്ന അച്ചായന്‍സ് എന്ന ചിത്രത്തിലാണ് അമലയുടെ പുതിയ വേഷപ്പകര്‍ച്ച. ചിത്രത്തില്‍ ഹാര്‍ലി ഡേവിസണ്‍ ബൈക്ക് ഓടിച്ചു നടക്കുന്ന റീത്തയെന്ന കഥാപാത്രമായാണ് അമല എത്തുന്നത്.

ആണ്‍കുട്ടിയുടെ രൂപഭാവത്തില്‍ അമല അച്ചായന്‍സില്‍ പ്രത്യേക ഗെറ്റപ്പ് അമലയുടെ ബൈക്ക് സവാരിയും ശ്രദ്ധേയം. ആടുപുലിയാട്ടം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജയറാമും കണ്ണന്‍ താമരക്കുളവും ഒന്നിക്കുന്ന സിനിമ അച്ചായന്‍സില്‍ മൂന്നു നായികമാരില്‍ ഒരാളായിട്ടാണ് പുതിയ ഗെറ്റപ്പില്‍ അമലപോളിന്റെ വരവ്.

ആണ്‍കുട്ടിയുടേതെന്ന് തോന്നിപ്പിക്കുന്ന രൂപഭാവങ്ങള്‍. ബൈക്ക് യാത്രയില്‍ കമ്പം.. വസ്‌ത്രധാരണത്തിലും ഹെയര്‍സ്റെറലിലുമുള്ള പ്രത്യേകത. റീത്തയാവാന്‍ ചില്ലറ തയ്യാറെടുകളല്ല താരം നടത്തിയത്.

ഗേള്‍സ് ഇന്ററപ്പ്റ്റഡ് എന്ന ചിത്രത്തിലെ ആഞ്ജലീന ജോളിയുടെ വേഷവും പ്രകടനവുമാണ് റീത്തയെന്ന കഥാപാത്രത്തെ ഏറ്റെടുക്കാന്‍ അമലയ്‍ക്കു പ്രചോദനമായത്..മലയാളത്തില്‍ ഇന്നുവരെ ആരും പരീക്ഷിക്കാത്ത വേഷം ചെയ്യുക സ്വപ്നമായിരുന്നുവെന്ന് അമല പറഞ്ഞു.

സിനിമയില്‍ കൂട്ടുകാരിയായ പ്രയാഗ മാര്‍ട്ടിന്റെ കഥാപാത്രത്തിനൊപ്പം ബൈക്കില്‍ യാത്ര പുറപ്പെടുന്ന റീത്ത അച്ചായന്‍മാരെ കണ്ട് മുട്ടുന്നു.തുടര്‍ന്നുള്ള സംഭവങ്ങിളിലൂടെയാണ് കഥ വികസിക്കുന്നത്. ജയറാമിനെക്കൂടാതെ ഉണ്ണി മുകുന്ദന്‍, പ്രകാശ് രാജ്, ആദില്‍, സഞ്ജു ശിവറാം തുടങ്ങിയവര്‍ നായകപ്രാധാന്യമുള്ള കഥാപാത്രങ്ങളായി എത്തുന്നു

സിനിമയിലെ ക്യാരക്ടറിനെക്കുറിച്ച് അറിഞ്ഞത് മുതല്‍ സംവിധായകന് താന്‍ സ്വൈരം കൊടുത്തിട്ടില്ലെന്ന് അമല പറഞ്ഞു. ഇത്രയും നാള്‍ ചെയ്ത വേഷങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഈ കഥാപാത്രം ഒരുപാട് ശ്രദ്ധയോടെ അവതരിപ്പിക്കേണ്ടതുണ്ട് എന്നത് കൊണ്ടാണ് ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്നത്- അമലാ പോള്‍ പറഞ്ഞത്.


സിനിമയില്‍ ഒരു ഗാനവും അമല ആലപിക്കുന്നുണ്ട്. പ്രകാശ് രാജിന്റെ ഫോക്ക് സോങ്ങും അച്ചായന്‍സിന്റെ ഹൈലൈറ്റാണ്.സച്ചി സേതു കൂട്ടുകെട്ടിലെ സേതു തിരക്കഥയൊരുക്കിയ സിനിമയുടെ ചിത്രീകരണം വാഗമണ്‍,തേനി, കമ്പം, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് പുരോഗമിക്കുന്നത്.