സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആക്രമണത്തിന് ഇരയാകുന്നവരാണ് സിനിമ താരങ്ങള്‍. ഇതില്‍ തന്നെ ഏറ്റവും വിമര്‍ശനം നേരിടുന്നത് നടിമാരാണ്. കൂടുതലും വസ്ത്രത്തിന്റെ പേരിലാണ് നടിമാര്‍ ട്രോള്‍ ചെയ്യപ്പെടുന്നത്. ഇറക്കം കുറഞ്ഞതോ ശരീരം കാണുന്നതോ ആയ വസ്ത്രം ധരിച്ചാല്‍ പിന്നാലെ സദാചാരവാദികള്‍ എത്തുകയായി.
ദങ്കല്‍ താരം ഫാത്തിമ, ദീപിക പദുക്കോണ്‍ എന്നിവര്‍ക്കെതിരെയായിരുന്നു കഴിഞ്ഞ ദിവസത്തെ ആക്രമണമെങ്കില്‍ ഇപ്പോള്‍ ഇര അമലാ പോളാണ്. കഴിഞ്ഞ ദിവസം അമല ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് വിമര്‍ശനങ്ങള്‍ നിറയുന്നത്. എന്റെ ചുറ്റുമുള്ള തീയേക്കാള്‍ ശക്തമാണ് എന്റെ ഉള്ളിലെ തീ, അതുകൊണ്ടാണ് ഞാന്‍ തിളങ്ങുന്നതെന്ന കുറിപ്പോടെയായിരുന്നു ഫോട്ടോ.
കറുത്ത ടോപ്പും ഷോര്‍ട്ട്‌സും ധരിച്ചതാണ് ചിത്രം. നടിയുടെ കാലുകള്‍ പൂര്‍ണ്ണമായും കാണാമെന്നതാണ് പ്രശ്‌നം. ഇത്രയും ചെറുത് വാങ്ങാനേ പൈസ ഉണ്ടായിരുന്നുള്ളെങ്കില്‍ പൈസ തരാമെന്നാണ് വിമര്‍ശകരുടെ പ്രധാന കമന്റ്. നമ്മുടെ സംസ്‌കാരത്തിന് നിരക്കുന്നതല്ല ഈ വസ്ത്രമെന്നും ചിലര്‍ പറഞ്ഞു. നിങ്ങള്‍ മലയാളികള്‍ ഏറെ സ്വീകരിച്ച നായികയാണ് അത് കളയരുതെന്നും ചില അഭ്യുദയകാംഷികള്‍ ഉപദേശിക്കുന്നുണ്ട്.
