ചെന്നൈ: നടി അമല പോൾ വിവാഹമോചന ഹർജി സമർപ്പിച്ചു. ചെന്നൈ കുടുംബ കോടതിയിലാണ് സംവിധായകൻ എ എൽ വിജയുമായുള്ള വിവാഹബന്ധം വേർപെടുത്താനായി അമല പോൾ അഭിഭാഷകൻ മുഖേന ഹർജി നൽകിയത്.

അമലാ പോളിന്‍റെ വിവാഹ മോചനം കുറച്ച് നാളങ്ങളായി ഗോസിപ്പ് കോളങ്ങളിലെ പ്രധാന വിഷയമായിരുന്നു. ഒരു സൂപ്പര്‍ താരവുമായുള്ള ബന്ധമാണ് അമലപോളും, ഭര്‍ത്താവ് എഎല്‍ വിജയും തമ്മിലുള്ള വഴക്കിനും വിവാഹമോചനത്തിലേക്ക് നീങ്ങുന്നതിനും കാരണം എന്നാണ് ആദ്യം ഒരു ഗോസിപ്പ് പരന്നത്. അതിനിടയില്‍ എ എല്‍ വിജയ്‍യുടെ പിതാവും നടനും നിര്‍മ്മാതാവുമായ എ എല്‍ അളഗപ്പന്‍ വാര്‍ത്ത സ്ഥിരീകരിച്ചു രംഗത്തെത്തി.

ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. വാര്‍ത്ത സത്യമാണ്. വിവാഹമോചനം നേടുന്നു എന്നതും സത്യമാണ്. അമല തമിഴ് ചിത്രങ്ങളില്‍ തുടരെ അഭിനയിക്കുന്നതും കരാര്‍ ഒപ്പിടുന്നതുമാണ് പ്രശ്നത്തിനു കാരണം. ഇതിനെച്ചൊല്ലി ചെറിയൊരു വഴക്കു ഉണ്ടാകുകയും ചെയ്‍തതാണ്. അതിനുശേഷം ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് അമലാ പോള്‍ തീരുമാനമെടുക്കുകയും ചെയ്‍തതാണ്. എന്നാല്‍ പിന്നെയും അമലാ പോള്‍ തുടരെ സിനിമകള്‍ ചെയ്‍തു. ഇപ്പോഴും കരാറില്‍ ഒപ്പിട്ടു അഭിനയിച്ചുകൊണ്ടിരിക്കുന്നു. ഇത് വിജയ്‍ക്കും ഞങ്ങള്‍ക്കും ഒത്തുവന്നില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ മകനാണ് മുഖ്യം. നിയമപരമായ കാര്യങ്ങളുമായി മുന്നോട്ടുപോകും - അളഗപ്പന്‍ പറഞ്ഞു.

പിന്നീടാണ് അമലയുടെയും സംവിധായകന്‍ എ.എല്‍ വിജയ്‌യുടെയും ദാമ്പത്യ ബന്ധം തകര്‍ത്തത് വിജയ്‌യുടെ വീട്ടുകാരെന്ന് ഇരുവരുടെയും കുടുംബ സുഹൃത്തിന്‍റെ വെളിപ്പെടുത്തല്‍. അമലയ്ക്കും വിജയ്ക്കും ഇടയില്‍ പ്രശ്‌നങ്ങളില്ലായിരുന്നു, വിവാഹശേഷം അമല സിനിമയില്‍ അഭിനയിക്കുന്നതിനോട് വിജയ്‌യുടെ വീട്ടുകാര്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു. അതിനാല്‍ അമലയും വിജയ്‌യും ഒരുമിച്ച് കൊമേഴ്‌സല്‍ സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സുഹൃത്ത് പറയുന്നു.

എന്നാല്‍ വിവാഹത്തിന് മുമ്പ് കമ്മിറ്റ് ചെയ്ത സിനിമകള്‍ അമലയ്ക്ക് ചെയ്ത് തീര്‍ക്കാനുണ്ടായിരുന്നു. വിജയുടെ സമ്മതത്തോടെയാണ് ഈ സിനിമകള്‍ ചെയ്തത്. എന്നാല്‍ ഇക്കാലയളവില്‍ സിനിമ അഭിനയത്തെച്ചൊല്ലിയും അല്ലാതെയും വിജയ്‌യുടെ വീട്ടുകാരില്‍ നിന്ന് അമലയ്ക്ക് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നു.
ഒരു സ്ത്രീ എന്ന പരിഗണന പോലുമില്ലാതെയാണ് വിജയ് യുടെ വീട്ടുകാര്‍ അമലയെ പീഡിപ്പിച്ചതെന്നും കുടുംബ സുഹൃത്ത് പറഞ്ഞു. 

പിന്നീട് എ.എല്‍ വിജയ് തന്നെ മാധ്യമങ്ങള്‍ക്ക് എഴുതിയ കുറിപ്പിലൂടെ തന്‍റെ ഭാഗം വിശദീകരിച്ചു. അമലാപോള്‍ വിശ്വാസ വഞ്ചന കാട്ടിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വിജയ് പറയുന്നത്. 
വിവാഹമെന്ന സാമൂഹിക ഉടമ്പടിയെ താന്‍ ഏറെ വിലമതിക്കുന്ന ആളാണെന്നും ഒരു വിവാഹത്തിന്റെ ഉറപ്പ് സത്യസന്ധതയും വിശ്വാസ്യതയുമാണ് അതില്ലാതാകുന്ന നിമിഷം ആ ബന്ധം തകരുമെന്നും വിജയ് മാധ്യമങ്ങള്‍ക്കായി പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു.

അമലയുമായുള്ള ജീവിതം ഈ രീതിയില്‍ ആകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. ഇത്തരമൊരു തീരുമാനത്തില്‍ എത്തേണ്ടി വന്നത് വേദനിപ്പിക്കുന്നു. ഇനിയെനിക്ക് ബന്ധങ്ങളില്ല. ജീവിതം അന്താസ്സായി തന്നെ മുമ്പോട്ട് കൊണ്ടുപോകുമെന്നും വിജയ് പറയുന്നു. ഇത് തീര്‍ത്തും ദു:ഖകരമായ ഒരു കാര്യമാണ്. ഒമ്പതു ചിത്രം ചെയ്തയാള്‍ എന്ന നിലയില്‍ സമൂഹത്തോടുള്ള കടപ്പാടിനെക്കുറിച്ച് ഉത്തമ ബോദ്ധ്യമുണ്ടെന്ന് വിജയ് പ്രതികരിച്ചു.

എന്നാല്‍ സംഭവത്തില്‍ ഔദ്യോഗികമായി ഒന്നും പ്രതികരിക്കാതിരുന്ന അമല ഇപ്പോള്‍ വിവാഹമോചന ഹര്‍ജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. 2014 ജൂണ്‍ 12നായിരുന്നു ഇരുവരും വിവാഹിതരായത്. മൂന്നു വര്‍‌ഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. ഷാജഹാനും പരീക്കുട്ടിയുമാണ് അമലാ പോളിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. അതേസമയം പ്രഭുദേവ നായകനാകുന്ന അഭിനേത്രി ആണ് എ എല്‍ വിജയുടേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം.