ബെന്യാമിന്റെ ആട് ജീവിതം എന്ന സിനിമയെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന മെഗാ ബജറ്റ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി അമലാ പോള്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അമലാ പോള്‍ ഇക്കാര്യം അറിയിച്ചത്. ചിത്രത്തില്‍ നായകന്‍ നജീബിന്റെ ഭാര്യ സൈനുവിന്റെ വേഷത്തില്‍ എത്താന്‍ അവസരം കൈവന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് അമല കുറിച്ചു.

"എല്ലാ മലയാളികളുടെയും മനസ്സില്‍ ഒരു നൊമ്പരമായി അവശേഷിക്കുന്ന കഥാപാത്രമാണ് ബെന്യാമിന്റെ ക്ലാസിക് നോവല്‍ ആട് ജീവിതത്തിലെ സൈനു. മനോഹരമായ തിരക്കഥയില്‍ ഈ ആട് ജീവിതം ഒരു 3ഡി ദൃശ്യ കാവ്യമാകാന്‍ ഒരുങ്ങുന്നു. സംഗീതത്തിലെ ലെജന്‍ഡ് എ ആര്‍ റഹ്മാന്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദവും ഇന്ത്യയിലെ മികച്ച ക്യാമറമാന്മാരില്‍ ഒരാളായ കെ.യു മോഹന്‍ ദൃശ്യവും ഒരുക്കുന്നു. ആട് ജീവിതം , ലോക സിനിമയില്‍ തന്നെ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് തീര്‍ച്ച. ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു. അഭിമാനിക്കുന്നു. ഇതിന് നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹവും അനുഗ്രഹവും പിന്തുണയും ആഗ്രഹിക്കുന്നു".

 പ്രവാസി വ്യവസായി കെ.ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെ. ജി. എ ഫിലിംസാണ് ആട് ജീവിതം നിര്‍മിക്കുന്നത്. കുവൈറ്റ്, ദുബായ്, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ ചിത്രീകരിക്കും. മരുഭൂമിയിലെ ഏകാന്തവാസവും, നരകയാതനയും നേരിട്ട കഥയാണ് നജീബിന്റെ കഥയാണ് ആട് ജീവിതം.