തെന്നിന്ത്യന്‍ താരറാണി നയന്‍താര പ്രധാന വേഷത്തിലെത്തി അറം സിനിമ സൂപ്പര്‍ ഹിറ്റായി തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഗോപി നൈനാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ വലിയ താരനിരയോ മസാല രംഗങ്ങളോ ഇല്ല. കുഴല്‍ക്കിണറില്‍ വീഴുന്ന ഒരു കുഞ്ഞിനെ രക്ഷിക്കാന്‍ നാടുമുഴുവന്‍ ഒന്നിക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. മധിവദനി എന്ന കളക്ടറുടെ വേഷത്തിലാണ് നയന്‍താര ചിത്രത്തിലെത്തുന്നത്. ചിത്രത്തെയും നയന്‍താരയേയും പുകഴ്ത്തി നടി അമലാ പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
സൂപ്പര്‍ താരങ്ങള്‍ക്ക് വേണ്ടി മസാല കുത്തിനിറച്ച സിനിമകളാണ് ബാധിക്കപ്പെട്ട തമിഴ് സിനിമയ്ക്ക് ആശ്വാസമാണ് അറം പോലുള്ള സിനിമയെന്ന് നടി ട്വിറ്ററില്‍ കുറിച്ചു. അത്തരം ഫോര്‍മുലകള്‍ തെറ്റാണെന്ന് നയന്‍താര തെളിയിച്ചു. നയന്‍താരയ്ക്കും സംവിധായകനുമായ ഗോപി നൈനാരിനും എല്ലാ ആശംസകളും അറിയിക്കുന്നു. നല്ല സിനിമയും കഥയും അഭിനയ പ്രകടനങ്ങളുമാണ് നമുക്ക് വേണ്ടതെന്ന് അമലാ പോള്‍ പറഞ്ഞു.
വലിയ താരനിരയൊന്നും ഇല്ലാത്ത ഈ സിനിമക്ക് വേണ്ടി നയന്‍താര സഹകരിച്ചതിന് വലിയ നന്ദിയുണ്ടെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. അറത്തിലെ അഭിനയ പ്രകടനം കണ്ട് തമിഴ് മക്കള്‍ നയന്‍താരയ്ക്ക് തലൈവി എന്ന പുതിയ പേരുകൂടി ചാര്‍ത്തികൊടുത്തിരിക്കുകയാണ്.
