തന്‍റെ കാ​ർ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് ആ​രോ​പ​ണത്തെ പരിഹസിച്ച് നടി അമല പോളിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു ബോട്ടില്‍ പട്ടിക്കുഞ്ഞുമായി യാത്ര ചെയ്യുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു അമലയുടെ പരിഹാസം.

"ചിലപ്പോഴൊക്കെ നഗരജീവിതത്തിന്‍റെ തിരക്കുകളില്‍ നിന്നും അനാവശ്യമായ ഊഹാപോഹങ്ങളിലും നിന്നും ഓടി രക്ഷപ്പെടണമെന്ന് എനിക്ക് തോന്നാറുണ്ട്. അതിനായി ഞാന്‍ ഒരു ബോട്ട് യാത്രയാണ് തിരഞ്ഞെടുത്തത്. കാരണം നിയമം ലംഘിച്ചുവെന്ന ആരോപണങ്ങളെങ്കിലും ഉണ്ടാവില്ലല്ലോ. അതോ ഇനി എന്‍റെ അഭ്യുദയകാംക്ഷികളോട് ഒന്നുകൂടി ഉറപ്പാക്കേണ്ടതുണ്ടോ", ഇതായിരുന്ന താരത്തിന്‍റെ കുറിപ്പ്. 

തന്‍റെ ബെൻസ് കാർ റജിസ്റ്റർ ചെയ്തിരിക്കുന്നത് നടിക്ക് ഒരു പരിചയവുമില്ലാത്ത ഒരു എൻജിനിയറിങ് വിദ്യാർഥിയുടെ പേരിലാണെന്നും 20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് ഈ വകയിൽ അമല നടത്തിയിരിക്കുന്നതെന്നുമാണ് ആരോപണം. അമല പോളിന് പുറമെ നടനും എം.പി.യുമായ സുരേഷ് ഗോപിയും ഫഹദ് ഫാസിലും ഇത്തരത്തില്‍ തങ്ങളുടെ ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് വന്‍ നികുതി വെട്ടിപ്പ് നടത്തിയാതയും വാര്‍ത്ത വന്നിരുന്നു.