മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകൾ ഒരുക്കിയ തമ്പി കണ്ണന്താനം വിടവാങ്ങിയിരിക്കുന്നു. തമ്പി കണ്ണന്താനത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ നടി അംബികയും മറ്റ് സമകാലികരും ഏഷ്യാനെറ്റ് ന്യൂസിലൂടെ പങ്കുവയ്‍ക്കുന്നു.
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകൾ ഒരുക്കിയ തമ്പി കണ്ണന്താനം വിടവാങ്ങിയിരിക്കുന്നു. തമ്പി കണ്ണന്താനത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ നടി അംബികയും മറ്റ് സമകാലികരും ഏഷ്യാനെറ്റ് ന്യൂസിലൂടെ പങ്കുവയ്‍ക്കുന്നു.
അംബികയുടെ വാക്കുകള്‍
'ഇത്ര ദിവസം ഓടുമെന്ന കണക്കുകൂട്ടലിലാണ് തന്പിച്ചായൻ എന്നും സിനിമകളെടുത്തിരുന്നത്.' നടി അംബിക ഓർക്കുന്നു. 'ഓരോ സിനിമകളുടെ ഷൂട്ട് കഴിയുന്പോഴും പറയും. അംബികാ, ഇനി നമുക്ക് സിനിമയുടെ നൂറാം ദിവസം ആഘോഷിക്കുന്പോൾ കാണാം.' രാജാവിന്‍റെ മകനിലെ ആൻസി മാത്രമല്ല, അംബിക എന്ന താരത്തിന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന് 'വഴിയോരക്കാഴ്ചകളി'ലെ ശ്രീദേവിയായിരുന്നു. 'സിനിമയായിരുന്നു തമ്പിച്ചായനെല്ലാം. ഡേറ്റില്ലാതിരുന്നിട്ടും, തമ്പി ച്ചായനായതു കൊണ്ടാണ് 'രാജാവിന്‍റെ മകൻ' ചെയ്തത്. റിലീസ് ചെയ്ത് കഴിഞ്ഞപ്പോൾ, ആ സിനിമയിലെ ഓരോ സീനും ചരിത്രമായി. 'ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു' എന്ന ആ ഡയലോഗൊക്കെ എല്ലാവരും പറഞ്ഞ് നടക്കാൻ തുടങ്ങി'. അംബിക ഓർക്കുന്നു.
തമ്പി കണ്ണന്താനത്തെ കുറിച്ച് സിദ്ദിഖും കമലും
സിനിമയിൽ അവസരം തേടി നടന്നിരുന്ന കാലം മുതൽക്ക് തന്‍റെ ഗുരുസ്ഥാനീയനായിരുന്ന വ്യക്തിയാണ് തന്പി കണ്ണന്താനമെന്ന് നടൻ സിദ്ദിഖ് ഓർത്തെടുക്കുന്നു. 'അവസരം തേടി തന്‍റെയടുത്ത് വന്നയാളെന്ന് ഒരിക്കൽപ്പോലും തന്പിച്ചായൻ എന്നെ കണക്കാക്കിയിട്ടില്ല. എടാ, നിന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്ന് ഞാൻ നിനക്ക് തരും. കാണുന്പോഴൊക്കെ തന്പിച്ചായൻ പറഞ്ഞിരുന്നു.' സിദ്ദിഖ് പറയുന്നു. തന്നെ എടാ, എന്ന് വിളിച്ചിരുന്ന അതേ സ്വാതന്ത്ര്യത്തോടെ, ഇന്ന് മലയാളസിനിമയിലെ ഏറ്റവും തലപ്പൊക്കമുള്ളവരെ, അത് മോഹൻലാലായാലും മമ്മൂട്ടിയായാലും, 'എടാ' എന്ന് വിളിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന ഒരുപാട് പേരൊന്നും ഇനി ബാക്കിയില്ലെന്ന് പറയുന്നു, സിദ്ദിഖ്. സഹസംവിധായകനായിരുന്ന കാലം മുതൽക്ക്, സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നയാളാണ് തമ്പി കണ്ണന്താനമെന്നാണ് കമൽ ഓർക്കുന്നത്. സിനിമയുടെ സർവമേഖലകളിലും സാന്നിധ്യമറിയിച്ചയാളെന്ന് സിബി മലയിൽ ഓര്‍ക്കുന്നു.
