ദുൽഖറിനെയും കാത്ത് ആമിന വൈറലായ വീഡിയോയ്ക്ക് പിന്നാലെ സെല്‍ഫിയും കിട്ടി
ഇത്തവണ ദുൽഖറിനെ കണ്ടിട്ടുതന്നെ കാര്യം എന്നുറപ്പിച്ചാണ് ആമിന മമ്മൂട്ടിയുടെ വീടിനുമുന്നിൽ എത്തിയത്. എന്നാൽ കാണുമെന്ന പ്രതീക്ഷ ഒട്ടും ഇല്ലാതെ എത്തിയ ആമിനയെ ഞെട്ടിച്ചായിരുന്നു ദുൽഖറിന്റെ എൻട്രി. ഒരു മണിക്കൂറോളം വീടിന് മുന്നിൽ കാത്തു നിന്നിട്ടാണ് ആമിന തന്റെ ഇഷ്ടതാരത്തെ കണ്ടത്. കാണുക മാത്രമോ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ച ആമിനയ്ക്ക് കൈ നിറയെ ഫോട്ടോസും കിട്ടി.
മസ്കറ്റിൽ ജോലി ചെയ്യുന്ന കളമശേരി സ്വദേശി ആദിരാജ ബിജുവിന്റയും സീനിയയുടെയും മകളാണ് എട്ടാം ക്ലാസുകാരിയായ ആമിന. അവധിക്കാലം ആഘോഷിക്കൻ മാതാപിതാക്കൾക്കൊപ്പമാണ് ആമിന എറണാകുളത്ത് എത്തിയത്. പനമ്പിള്ളി നഗറിൽ ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിക്കാനെത്തിയ ആമിനയ്ക്കും കസിൻസിനും ഒരു ഓട്ടോക്കാരനാണ് മമ്മൂട്ടിയുടെ വീട് കാണിച്ചു കൊടുത്തത്. അങ്ങനെയാണ് തന്റെ ഇഷ്ടതാരമായ ദുൽഖറിനെ കാണാൻ ആമിന മമ്മൂട്ടിയുടെ വീടിന് മുന്നിൽ എത്തിയത്. എന്നാൽ ദുൽഖറിനെ കാത്തുനിൽക്കുന്ന ആമിനയ്ക്ക് മുന്നിൽ ആദ്യം പ്രത്യക്ഷപ്പെട്ടത് സാക്ഷാൽ മമ്മൂട്ടി ആയിരുന്നു.
വീട്ടിൽനിന്നും പുറത്തിറങ്ങിയതിനുശേഷം ഗേറ്റിന് പുറത്ത് നിൽക്കുന്ന ആരാധകർക്ക് നേരെ മമ്മൂട്ടി കൈ വീശി. തുടർന്ന് മമ്മൂക്ക, ദുൽഖർ എവിടെയെന്ന ആമിനയുടെ ആകാംഷ നിറഞ്ഞ ചോദ്യത്തിന് 'ദുൽഖർ കുളിക്കുകയാണ്' എന്ന് മമ്മൂട്ടി മറുപടി നൽകി. ഇതിന്റെയെല്ലാം ദൃശ്യങ്ങൾ ആമിന മൊബൈലിൽ പകർത്തുകയും ചെയ്തു. മതിയല്ലോ.. സംഭവം രാത്രിക്ക് രാത്രി തന്നെ എടുത്ത് യുട്യൂബിലുമിട്ടു വൈറലുമായി.

അപ്രത്യക്ഷമായി എത്തിയ മമ്മൂട്ടിയും അദേഹത്തിന്റെ മറുപടിയുമാണ് പിന്നീട് ദുൽഖറിനെ കാണാൻ ആമിനയെ പ്രേരിപ്പിച്ചത്. മമ്മൂട്ടിയെ കണ്ട സ്ഥിതിക്ക് എങ്ങനെയെങ്കിലും ദുൽഖറിനെയും കാണണം എന്ന ചിന്തയിലായിരുന്നു ആമിന. അങ്ങനെ ദുൽഖറിനെയും കാത്ത് ഗേറ്റിന് മുന്നിൽ നിൽക്കുമ്പോഴാണ് വിലപ്പെട്ട ഒരു വിവരം ആമിനയ്ക്ക് കിട്ടയത്. ദുൽഖറിന് ബുധനാഴ്ച രാവിലെ ഷൂട്ടുള്ളതിനാൽ ഒൻപതു മണിക്ക് വീട്ടിൽ നിന്നിറങ്ങുമെന്നുമായിരുന്നു ആ വിവരം.
സ്കൂളിൽ പോകാൻ പോലും നേരത്തെ എണീക്കാൻ മടികാണിക്കുന്ന ആമിന ബുധനാഴ്ച ആറുമണിക്ക് എഴുന്നേറ്റ് തയ്യാറായി. എട്ടു മണിയോടെ മമ്മൂട്ടിയുടെ വീടിന് മുന്നിൽ തന്റെ പ്രിയതാരത്തെ കാണാനായി കാത്തുനിൽക്കാൻ തുടങ്ങി. ഒരുമണിക്കൂർ കഴിഞ്ഞിട്ടും ദുൽഖർ വന്നില്ല. പ്രതീക്ഷ കൈവിടാതെ ആമിനയും കസിൻസും കാത്തിരിപ്പ് തുടരുകയാണ്. പെട്ടെന്നാണ് ആമിനയെ ഞെട്ടിച്ച് പച്ച നിറത്തിലുള്ള ടീഷർട്ട് ധരിച്ച് ദുൽഖർ വീടിന് പുറത്തെത്തിയത്.
ദുൽഖറിനെ കണ്ട സന്തോഷത്തിൽ മതിമറന്ന ആമിന 'ദുൽഖർ ഒരു ഫോട്ടോ എടുത്തോട്ടെ' എന്ന് ഉച്ചത്തിൽ വിളിച്ച് ചോദിച്ചു. ആമിനയുടെ ചോദ്യം കേട്ടിട്ടാകണം ദുൽഖർ കാറിൽ കയറാതെ ആമിനയോടും കസിൻസിനോടും അകത്തേക്ക് വരാൻ കൈ കാണിച്ചത്. തുടർന്ന് ദുൽഖറിനൊപ്പം കുശലാന്വേഷണം നടത്തുകയും ഏറെ നാളായി മനസ്സിൽ കൊണ്ടു നടക്കുന്ന 'ദുൽഖറിനൊപ്പം ഒരു സെൽഫി' എന്ന സ്വപനം സാക്ഷാത്കരിക്കുകയും ചെയ്തു. അവധിക്ക് ശേഷം മസ്കറ്റിലേക്ക് മടങ്ങാനിരിക്കുന്ന ആമിനയ്ക്ക് ഇതിൽപ്പരം സന്തോഷം വെറെന്താണ്......
