റെക്കോര്‍ഡുകള്‍ തകര്‍ക്കുകയല്ല ലക്ഷ്യം: അമിതാഭ് ബച്ചൻ
അമിതാഭ് ബച്ചനും ഋഷി കപൂറും ഒരിടവേളയ്ക്കു ശേഷം ഒന്നിക്കുന്ന ചിത്രമാണ് 102 നോട്ട് ഔട്ട്. ചിത്രത്തില് അച്ഛനും മകനുമായിട്ടാണ് അമിതാഭ് ബച്ചനും ഋഷികപൂറും അഭിനയിക്കുന്നത്. അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന് 102 വയസ്സും ഋഷി കപൂറിന്റെ കഥാപാത്രത്തിന് 75 ഉം ആണ് പ്രായം. ഏറ്റവും പ്രായംകൂടിയ മനുഷ്യനെന്ന ഗിന്നസ് റെക്കോര്ഡ് സ്വന്തമാക്കാൻ ശ്രമിക്കുന്ന അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന റെക്കോര്ഡുള്ള ചൈനക്കാരനെ മറികടക്കാൻ അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന് 16 വര്ഷം കൂടി ജീവിക്കണം. അതിനുവേണ്ടിയുള്ള ശ്രമമാണ് ചിത്രത്തില് അയാള് നടത്തുന്നത്. എന്നാല് ജീവിതത്തില് റെക്കോര്ഡുകള് തകര്ക്കാനല്ല തന്റെ ശ്രമമെന്ന് അമിതാഭ് ബച്ചൻ പറയുന്നു.
ഒരു ലക്ഷ്യം വച്ചല്ല ഒരോ സിനിമയും ചെയ്യുന്നത്. ഓരോ ദിവസത്തെ ജോലിയും ഒരു പുതിയ അനുഭവമാണ്. പഠനമാണ്. അല്ലാതെ റെക്കോര്ഡുകള് തകര്ക്കാനല്ല എന്റെ ശ്രമം- അമിതാഭ് ബച്ചൻ പറയുന്നു.
ഗുജറാത്തിലെ പ്രശസ്തമായ ഒരു നാടകം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉമേഷ് ശുക്ലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
