കൊല്‍ക്കത്ത: കാര്‍ അപകടത്തില്‍ നിന്നും തലനാഴിരക്ക് രക്ഷപ്പെട്ട് ബിഗ് ബി. 23-ാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് എത്തിയതായിരുന്നു ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍. ബച്ചന്‍ സഞ്ചരിച്ച മെര്‍സിഡസ് കാറിന്‍റെ പിന്‍ച്ചക്രം യാത്രക്കിടെ ഊരിത്തെറിക്കുകയായിരുന്നു. പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ട ബച്ചനെ ഉടന്‍ തന്നെ മറ്റൊരു കാറില്‍ വിമാനത്താവളത്തിലെത്തിച്ചു. 

കഴിഞ്ഞയാഴ്ച്ചയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്‍റെ അതിഥിയായി കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് അമിതാഭ് ബച്ചന്‍ എത്തുന്നത്. ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്ത ശേഷം ശനിയാഴ്ച്ച സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ബച്ചന്‍റെ വാഹനത്തെ അനുഗമിച്ചിരുന്ന മന്ത്രിയുടെ കാറില്‍ ഉടന്‍ തന്നെ ബച്ചനെ വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു.

കാര്‍ ഏര്‍പ്പാടാക്കിയ ട്രാവല്‍ ഏജന്‍സിക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാറിന്‍റെ ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞിരുന്നുവെന്നാണ് കണ്ടെത്തല്‍. ട്രാവല്‍ ഏജന്‍സിക്കെതിരെ നടപടിയെടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചു.