"ഒരുകാലത്ത് സ്വാഭാവികമായി ചെയ്തിരുന്ന ആ ലളിതമായ പ്രവൃത്തിക്ക് ഇപ്പോൾ ഒരു പ്രത്യേക ചിട്ട ആവശ്യമായിവന്നിരിക്കുന്നു."

വാർദ്ധക്യകാലത്തെ തന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് മനസുതുറക്കുകയാണ് അമിതാഭ് ബച്ചൻ. പണ്ടൊക്കെ അനായാസം ചെയ്തിരുന്ന കാര്യങ്ങളിൽ വന്ന മാറ്റത്തെ കുറിച്ച് തന്റെ ബ്ലോഗിലൂടെയാണ് ബിഗ് ബി ആരാധകരുമായി സംവദിച്ചത്. പല കാര്യങ്ങളും വർഷങ്ങൾക്ക് മുൻപ് ചെയ്തതു കൊണ്ട് വീണ്ടും തുടങ്ങാൻ വളരെ എളുപ്പമായിരിക്കുമെന്ന് തോന്നാമെന്നും എന്നാൽ അത് അങ്ങനെയല്ലെന്നും അമിതാഭ് ബച്ചൻ പറയുന്നു. ഒരു ദിവസത്തെ ഇടവേള മതി, വേദനകളും ചലന ശേഷിക്കുറവും നമ്മെ വിട്ടുപോകില്ലെന്നും ഒരുകാലത്ത് അനായാസം ചെയ്തിരുന്ന സാധാരണ കാര്യങ്ങൾ പോലും ഇപ്പോൾ ചെയ്യുന്നതിന് മുൻപ് മനസ്സിനെക്കൊണ്ട് ചിന്തിപ്പിക്കേണ്ടി വരുന്നത് അത്ഭുതമാണെന്നും ബ്ലോഗിലൂടെ അദ്ദേഹം പറയുന്നു.

"ദയവായി ഇരുന്നുകൊണ്ട് പാന്റ്സ് ധരിക്കുക. നിന്നുകൊണ്ട് ധരിക്കാൻ ശ്രമിക്കരുത്. നിങ്ങളുടെ ബാലൻസ് നഷ്ടപ്പെട്ട് വീഴാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ പറഞ്ഞു. അവർ പറഞ്ഞതാണ് ശരിയെന്ന് തിരിച്ചറിയുന്നതുവരെ ഉള്ളിലപ്പോൾ ഞാൻ അവിശ്വസനീയതയോടെ പുഞ്ചിരിക്കും,. ഒരുകാലത്ത് സ്വാഭാവികമായി ചെയ്തിരുന്ന ആ ലളിതമായ പ്രവൃത്തിക്ക് ഇപ്പോൾ ഒരു പ്രത്യേക ചിട്ട ആവശ്യമായിവന്നിരിക്കുന്നു.

ഏത് ശാരീരിക പ്രവർത്തിക്ക് മുൻപും ശരീരത്തെ താങ്ങിനിർത്താൻ ഹാൻഡിൽ ബാറുകൾ എല്ലായിടത്തും വേണം. കാറ്റിൽ മേശപ്പുറത്തുനിന്ന് താഴെപ്പോയ ഒരു കടലാസ് കഷണം കുനിഞ്ഞെടുക്കുന്നത് പോലുള്ള ഏറ്റവും ലളിതമായ കാര്യങ്ങൾക്കു പോലും അത് ആവശ്യമാണ്, അതൊരു വലിയ പ്രശ്നമാണെന്ന് നിങ്ങൾ തിരിച്ചറിയുന്ന നിമിഷം വരും. അത്തരം പ്രവൃത്തികൾ ചെയ്യാനുള്ള വേഗത കുറഞ്ഞിരിക്കുന്നു, ഒപ്പം ഒരുതരം അനിശ്ചിതത്വവും. ഇത് നമുക്കെല്ലാവർക്കും സംഭവിക്കും. അങ്ങനെ സംഭവിക്കാതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

നമ്മള്‍ എല്ലാവരും ഈ ലോകത്തേക്ക് വന്ന ദിവസം മുതല്‍ താഴേക്ക് പോകുന്നു. ജനനം മുതല്‍ തന്നെ ഈ താഴ്ച്ചയുടെ പ്രവണത ആരംഭിക്കുന്നു. ദുഃഖകരം. പക്ഷേ അതാണ് ജീവിതത്തിന്റെ യാഥാർത്ഥ്യം. യുവത്വം ജീവിതത്തിലെ വെല്ലുവിളികളിലൂടെ ധൈര്യത്തോടെ ഓടുന്നു. പ്രായം പെട്ടെന്ന് നിങ്ങളുടെ ജീവിതമെന്ന വാഹനത്തെ ബ്രേക്കിടുന്നു , ജീവിതമെന്ന വാഹനം ഓടിക്കുമ്പോള്‍ ദ്രുതഗതിയിലുള്ള ബമ്പ് ഒഴിവാക്കാന്‍ ബ്രേക്ക് ഇടുക എന്ന് ജീവിതം നിങ്ങളോട് പറയുന്നു. വളരെ ദാര്‍ശനികമാണ് അത് പക്ഷേ തത്ത്വചിന്ത എന്നത് ആഴത്തിലുള്ള ഫീച്ചറിംഗിന്റെ ശ്രദ്ധേയമായ വിഷയമാണ്, കുറച്ചുനേരം അതിനെതിരെ പോരാടാന്‍ നിങ്ങള്‍ക്ക് ധൈര്യം ലഭിച്ചേക്കാം. പക്ഷേ, ഒടുവില്‍, ദുഃഖകരമെന്നു പറയട്ടെ, നാമെല്ലാവരും തോല്‍ക്കും. നഷ്ടപ്പെടേണ്ട ഒരു നഷ്ടം, നിങ്ങളുടെ സാന്നിധ്യം നിങ്ങൾ അടയാളപ്പെടുത്തി നിങ്ങളുടെ ജോലിയും ചെയ്തുപൂർത്തിയാക്കി, അഭിനന്ദിക്കപ്പെട്ടു, ഇപ്പോള്‍ വിരമിക്കുക." അമിതാഭ് ബച്ചൻ കുറിച്ചു.

അതേസമയം കഴിഞ്ഞവർഷം പുറത്തിറങ്ങിയ വേട്ടയ്യൻ എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചൻ അവസാനമായി വേഷമിട്ടത്. നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കിയിലും ഒരു പ്രധാന കഥാപാത്രത്തെ അമിതാഭ് ബച്ചൻ അവതരിപ്പിച്ചിരുന്നു. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലും ഒരു പ്രധാന വേഷത്തിൽ അമിതാഭ് ബച്ചൻ എത്തുന്നുണ്ട്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News