കൂടുതല്‍ താരങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് കടുത്ത പ്രതിസന്ധിയില്‍ താരസംഘടന

കൊച്ചി: നടിയെ അക്രമിച്ച സംഭവത്തില്‍ അമ്മയില്‍ നിന്ന് പുറത്താക്കിയ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജി വച്ചതിന് പിന്നാലെ കടുത്ത പ്രതിസന്ധയില്‍ അമ്മ നേതൃത്വം. സംഘടനക്ക് അകത്തുനിന്നും പുറത്തുനിന്നും ഉയ‍ർന്ന ശക്തമായ എതിർപ്പ് ജനറല്‍ബോഡിക്ക് പിന്നാലെ എക്സിക്യുട്ടീവ് യോഗം വിളിക്കാൻ അമ്മയെ നിർ‍ബന്ധിതരാക്കിയിരിക്കുകയാണ്. രാജിവച്ച നടിമാരായ ഗീതുമോഹന്‍ദാസ്, റിമ കല്ലിങ്കല്‍, ഭാവന, രമ്യ നമ്പീശന്‍ എന്നിവര്‍ക്ക് പിന്തുണയുമായി മൗനം വെടിഞ്ഞ് നിരവധി താരങ്ങള്‍ രംഗത്ത് വന്നിരുന്നു. 

കൂടുതൽ അംഗങ്ങൾ ഇനിയും പ്രതിഷേധവുമായി എത്തുമോ എന്ന ആശങ്ക അമ്മക്കുണ്ട്. വനിത സംഘടന ഡബ്ള്യു സിസിയുടെ ആവശ്യങ്ങൾ ചർച്ചചെയ്യാൻ നേതൃത്വം തയ്യാറായതും സംഘടനയിലേക്കില്ലെന്ന് ദിലീപ് പ്രഖ്യാപിച്ചതും അത് കൊണ്ട് തന്നെയാണ്. വനിതാകൂട്ടായ്മ ഉയർത്തിയ പോരാട്ടത്തിന് വൻ പിന്തുണയാണ് കിട്ടുന്നത്. പലരും മൗനം വെടിഞ്ഞ് ദിലീപിനെതിരെയും അമ്മയുടെ തീരുമാനത്തിനെതിരെയും പരസ്യ വിമര്‍ശനവുമായി രംഗത്തെത്തി.

ദിലീപിനെതിരിച്ചെടുക്കാനുള്ള തീരുമാനം നിഗൂഡമായാണ് എടുത്തതെന്നായിരുന്നു നടൻ പി. ബാലചന്ദ്രൻറ പ്രതികരണം. യോഗത്തിൽ പ്രതികരിക്കാൻ കഴിയാത്തതിൽ പശ്ചാത്താപമുണ്ടെന്നും ബാലചന്ദ്രൻ വ്യക്തമാക്കുന്നു. കൂടുതൽ അംഗങ്ങൾ ഇനിയും പ്രതിഷേധം ഉയർത്താനിടയുണ്ട്. അതേ സമയം ദിലീപ് പിന്മാറിയതും ചർച്ചക്ക് തയ്യാറായതും കൊണ്ട് വിവാദം കെട്ടടങ്ങുമെന്നും അമ്മ നേതൃത്വത്തിന് പ്രതീക്ഷയുണ്ട്. വലിയ മുന്നേറ്റമുണ്ടാക്കാനായെങ്കിലും അമരത്തുണ്ടായിരുന്ന മഞ്ജു വാര്യരുടെ മൗനം ഡബ്ളുസിസിക്കുള്ളിലും അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്.