വിവാദങ്ങള്‍ എങ്ങനെയെങ്കിലും അവസാനിപ്പിച്ച് സംഘടനയുടെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കുകയാണ് പുതുതായി പ്രസിഡന്റായി ചുമതലയേറ്റ മോഹന്‍ലാലിന്‍റെ മുന്നിലെ പ്രധാന വെല്ലുവിളി. 

കൊച്ചി: താരസംഘടനയായ അമ്മയുടെ നിർണായക എക്സിക്യുട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. ദിലീപിനെ തിരിച്ചെടുത്തതിനെതിരെ പരാതി നൽകിയ നടിമാരുമായി ചർച്ച നടത്തും. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുന്നതിനൊപ്പം പ്രതിക്കുവേണ്ടി പ്രാർത്ഥിക്കുന്നുവെന്നുമാണ് താരസംഘടനയുടെ പ്രഖ്യാപിത നിലപാട്. ഇതില്‍ പ്രതിഷേധിച്ചാണ് സംഘടനയിലെ നാല് നടിമാർ രാജിവച്ചത്. ഒപ്പം അംഗങ്ങളായ രേവതി, പാർവതി തെരുവോത്ത്, പദ്മപ്രിയ എന്നിവർ പ്രതിഷേധമറിയിച്ച് കത്തും നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

വിവാദങ്ങള്‍ എങ്ങനെയെങ്കിലും അവസാനിപ്പിച്ച് സംഘടനയുടെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കുകയാണ് പുതുതായി പ്രസിഡന്റായി ചുമതലയേറ്റ മോഹന്‍ലാലിന്‍റെ മുന്നിലെ പ്രധാന വെല്ലുവിളി. രാജിവച്ച നാല് നടിമാരുടെ കാര്യത്തിലടക്കം തീരുമാനമെടുക്കുന്നതിനും, കത്തുനല്‍കിയ നടിമാരുമായി ചർച്ച നടത്തുന്നതിനുമാണ് എക്സിക്യുട്ടീവ് യോഗം ഇന്ന് ചേരുന്നത്. താരസംഘടനയുടെ നിലപാടുകള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്ന ജോയ് മാത്യുവും ഷമ്മിതിലകനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സിനിമയിലെ വനിതാ കൂട്ടായ്മയടക്കം അമ്മയുടെ ഈ നിലപാടിനെതിരെ ശക്തമായി രംഗത്തുന്നിരുന്നു. 

അതേസമയം നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാന്‍ താരസംഘടനാ ഭാരവാഹികള്‍ നടത്തിയ ശ്രമം തിരിച്ചടിയായതും യോഗത്തില്‍ വിഷയമാകും. ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയില്‍ കക്ഷി ചേരാനുള്ള അമ്മയിലെ വനിതാ ഭാരവാഹികളുടെ ശ്രമം ആക്രമിക്കപ്പെട്ട നടിതന്നെ കോടതിയില്‍ എതിർത്തിരുന്നു. ഒപ്പം അമ്മ എക്സിക്യൂട്ടീവ് അംഗങ്ങൾ നൽകിയ ഉപഹർജിയിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചതിന് പിന്നിലെ ചതിയും താരസംഘടനയുടെ തലപ്പത്തുളളവ‍ർ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ ചർച്ചയും തുടർന്നെടുക്കുന്ന നിലപാടുകളും താരസംഘടനയ്ക്ക് നിർണായകമാകും.