ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം കൊച്ചിയിൽ തുടങ്ങി. ധനസമാഹരണമടക്കമുളള കാര്യങ്ങളാണ് പ്രധാന അജണ്ട. ജഗദീഷും സലീംകുമാറും യോഗത്തിൽ നിന്ന് വിട്ട്നിൽക്കുകയാണ്. വൈകീട്ട് 3.30ന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

പത്തനാപുരത്തെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തെച്ചൊല്ലിയുള്ള വിവാദത്തിന്‍റെ തുടർച്ചയായാണ് സലീംകുമാറും ജഗദീഷും അമ്മയുടെ വാർഷിക പൊതുയോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. പത്തനാപുരത്ത് ഗണേഷ് കുമാറിനായി മോഹൻലാൽ പ്രചാരണത്തിന് പോയതിൽ പ്രതിഷേധിച്ച് രാജിവച്ചതായി സലിംകുമാർ അറിയിച്ചിരുന്നു. എന്നാൽ സലിംകുമാറിന്‍റെ രാജി കിട്ടിയിട്ടില്ലെന്ന് അമ്മ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. യോഗത്തിനെത്താൻ കഴിയില്ലെന്ന് കാണിച്ച് സലീംകുമാർ കത്ത് നൽകിയിട്ടുണ്ടെന്നും ഇടവേള ബാബു അറിയിച്ചു. യോഗത്തിനെത്താതിന്‍റെ കാരണം ജഗദീഷ് വ്യക്തമാക്കിയിട്ടില്ല.
എംഎൽഎമാരായ ഗണേഷ് കുമാർ, മുകേഷ്, അമ്മ ജനറല്‍ സെക്രട്ടറി മമ്മൂട്ടി, വൈസ് പ്രസിഡന്‍റ് മോഹൻലാൽ തുടങ്ങിയവർ യോഗത്തിനെത്തിയിട്ടുണ്ട്. പ്രസിഡന്‍റ് ഇന്നസെന്‍റ് എംപിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.

സംഘടനയുടെ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണ മാർഗങ്ങൾ യോഗത്തിൽ ച‍ർച്ച ചെയ്യുന്നുണ്ട്. സ്റ്റേജ് ഷോയോ ബദൽ പരിപാടികളോ സംഘടിപ്പിച്ച് ധനസമാഹരണം നടത്തുകയാണ് ലക്ഷ്യം. സാന്പത്തിക ബാധ്യത നിലനിൽക്കുന്നതിനാൽ അമ്മ പെൻഷൻ നൽകുന്നവരുടെ എണ്ണം 105ൽ നിന്ന് ഉയർത്താനാകുമോ എന്ന കാര്യവും യോഗം ചർച്ച ചെയ്യും.