ഏത് രാജ്യക്കാരിയാണെന്ന ചോദ്യം ശല്യമാകുന്നതിനാല്‍ ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് നടി എമി ജാക്സണ്‍

ചെന്നൈ: ഏത് രാജ്യക്കാരിയാണെന്ന ചോദ്യം ശല്യമാകുന്നതിനാല്‍ ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് നടി എമി ജാക്സണ്‍. ഞാന്‍ ഏത് രാജ്യക്കാരിയാണെന്ന ചോദ്യം എപ്പോഴും ഉയരാറുണ്ട്. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച തന്നെ നടക്കുന്നുണ്ട്. ഞാന്‍ ഇന്ത്യന്‍ വംശജയാണ് എന്നാണ് എല്ലാവരും കരുതുന്നത്. ഞാന്‍ ഇംഗ്ലീഷുകാരിയാണെന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കാറില്ല എമി പറയുന്നു.

ചിലര്‍ പറയുന്നത് എന്നെ കണ്ടാല്‍ ബ്രിട്ടീഷുകാരിയാണെന്ന് പറയില്ലെന്നാണ്. ഇത് പരിഹരിക്കാനാണ് ഡിഎന്‍എ ടെസ്റ്റ്. കുടുംബ ചരിത്രം അറിയാനാണ് ഞാന്‍ ടെസ്റ്റ് ചെയ്യുന്നത്. എന്‍റെ അച്ഛന്‍റെ അമ്മ പോര്‍ച്ചുഗീസ് വംശജയാണ്. 1900 കളില്‍ ജനിച്ച് ഐല്‍ ഒഫ് മാനില്‍ സ്ഥിരതാമസമാക്കി. അച്ഛന്‍റെ കുടുംബ ചരിത്രത്തെക്കുറിച്ച് എനിക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്.

ഡി.എന്‍.എ ആന്‍സിസ്റ്ററി ടെസ്റ്റിലൂടെ എനിക്ക് കൂടുതല്‍ അറിയാന്‍ സാധിക്കുമെന്ന് മനസ്സിലായി. കുറച്ച് ദിവസത്തിനുള്ളില്‍ ടെസ്റ്റിന്‍റെ റിപ്പോര്‍ട്ട് എനിക്ക് ലഭിക്കും. ഒരു വ്യക്തിയുടെ കുടുംബ വേരുകളെക്കുറിച്ച് ഡി.എന്‍.എ ആന്‍സിസ്റ്ററി ടെസ്റ്റിലൂടെ അറിയാന്‍ സാധിക്കും. നമ്മുടെ പൂര്‍വികരുടെ ഉത്ഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാം. കുടുംബ ചരിത്രത്തെക്കുറിച്ച് കൃത്യമായ രൂപരേഖ ലഭിക്കാന്‍ ഇതിലൂടെ സാധിക്കും. വൈ ക്രോമസോം ടെസ്റ്റ് അച്ഛന്‍റെ പൂര്‍വ്വികരെക്കുറിച്ച് അറിയാനാണ് നടത്തുന്നത്.