തെന്നിന്ത്യന്‍, ഹിന്ദി ചലച്ചിത്രങ്ങളിലൂടെ പരിചിതയായ നടി എമി ജാക്‌സണ്‍ വിവാഹിതയാവുന്നു. ബ്രിട്ടീഷുകാരനായ ശത കോടീശ്വരന്‍ ജോര്‍ജ് പനയോറ്റുവിനെയാണ് എമി ജീവിതപങ്കാളിയാക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പുതുവര്‍ഷദിനത്തില്‍ പങ്കുവെച്ച ചിത്രത്തിലൂടെയാണ് ജീവിതത്തിലെ പുതിയ തുടക്കത്തിന്റെ വിവരം എമി പുറത്തുവിട്ടത്. ഇരുവരുടെയും 2015 മുതലുള്ള ബന്ധമാണ് വിവാഹത്തിലേക്ക് എത്തിയിരിക്കുന്നത്.

യുകെയിലെ ലിവര്‍പൂളില്‍ ജനിച്ചുവളര്‍ന്ന എമി ജാക്‌സണ്‍ 2009ലെ മിസ് ടീന്‍ വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ശ്രദ്ധേയയാവുന്നത്. പിന്നാലെ മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ച അവര്‍ വൈകാതെ ഇന്ത്യന്‍ സിനിമയിലെത്തി. എ എല്‍ വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. രജനി നായകനായ ഷങ്കര്‍ ചിത്രം 2.0യാണ് എമിയുടെ ഏറ്റവും ഒടുവില്‍ പുറത്തെത്തിയ ചിത്രം.

ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോറ്റുവിന്റെ മകനാണ് ജോര്‍ജ് പനയോറ്റു. ബ്രിട്ടണിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം. ആഫ്രിക്കയിലെ സാംബിയയില്‍ അവധിക്കാലം ചെലവിടുകയാണ് ഇപ്പോള്‍ എമി ജാക്‌സണും ജോര്‍ജ് പനയോറ്റുവും.