ഈ സ്റ്റോറിക്കൊപ്പമുള്ള വീഡിയോ ഒരു മലയാളചിത്രത്തില്‍ നിന്നുള്ളതല്ല

കായംകുളം കൊച്ചുണ്ണിയിലെ ശ്രീലങ്കന്‍ ഷെഡ്യൂളിനിടെ ഒരു മുതലക്കുളത്തില്‍ ചിത്രീകരണം നടത്തിയ അനുഭവം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വിവരിച്ചത് ആദ്യം ട്രോള്‍ പേജുകളില്‍ ഇടം പിടിച്ചിരുന്നു. മുന്നൂറോളം മുതലകളുള്ള ഒരു കുളത്തില്‍ നായകന്‍ നിവിന്‍ പോളി ഉള്‍പ്പെട്ട രംഗം അതിസാഹസികമായി ചിത്രീകരിച്ചെന്നായിരുന്നു റോഷന്‍ പറഞ്ഞത്. പരാമര്‍ശം ട്രോള്‍ പേജുകളില്‍ കടന്നുകൂടിയതിന് പിന്നാലെ പറഞ്ഞതിന് തെളിവുമായി കായംകുളം കൊച്ചുണ്ണിയുടെ അണിയറക്കാരുമെത്തി. ചിത്രത്തിന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ മുതലകള്‍ സഞ്ചരിക്കുന്ന ഒരു കുളം കാണാമായിരുന്നു.

അതെന്തായാലും ചുവടെ കൊടുത്തിരിക്കുന്ന വീഡിയോ ഒരു മലയാളചിത്രത്തില്‍ നിന്നുള്ളതല്ല. 1973 ല്‍ പുറത്തിറങ്ങിയ 'ലിവ് ആന്‍റ് ലെറ്റ് ഡൈ' എന്ന ജെയിംസ് ബോണ്ട് സിരീസിലെ ഒരു ചിത്രത്തില്‍ ഉള്‍പ്പെട്ട രംഗമാണ്. റോജര്‍ മൂര്‍, ജെയിംസ് ബോണ്ടായി അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ഗയ് ഹാമില്‍ട്ടണ്‍ ആയിരുന്നു. നിര്‍മ്മിച്ചത് ഇയോണ്‍ പ്രൊഡക്ഷന്‍സും.

വീഡിയോയിലുള്ള ദൃശ്യത്തില്‍ മുതലകളുടെ പുറത്ത് ചവുട്ടി കുളത്തിന് മുകളിലൂടെ സഞ്ചരിക്കുന്നത് പക്ഷേ ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ച റോജര്‍ മൂര്‍ അല്ല. റോസ് കനാംഗ എന്ന ആളാണ് ആ രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ദൃശ്യത്തിലുള്ള മുതലകളുടെ ഉടമസ്ഥന്‍ കൂടിയാണ് റോസ് കനാംഗ! ജെയിംസ് ബോണ്ട് എന്ന ഒഫിഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലാണ് 1973 ചിത്രത്തില്‍ നിന്നുള്ള ഈ സീന്‍ ട്വീറ്റ് ചെയ്‍തത്.

Scroll to load tweet…