ബ്രസീലിനെ കളിയാക്കിയതിന് കരഞ്ഞ് കെഞ്ചുന്ന കുട്ടി വീഡിയോ വൈറലായതോടെ കുട്ടിയെ അന്വേഷിച്ച് സോഷ്യല്‍മീഡിയ ചിന്തു ഇനി അനീഷ് ഉപാസനയുടെ സിനിമയില്‍

കൊച്ചി: ബ്രസീല്‍ തോറ്റതിന് കളിയാക്കിയവരെ കരച്ചിലോടെ വീട്ടില്‍ തന്‍റെ ചേട്ടനെയും വീട്ടുകാരെയും ചെറുത്ത് പ്രതിരോധിക്കുന്ന കുട്ടി, സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ ആണിത്. വീഡിയോ ഷെയര്‍ ചെയ്ത് സംവിധായകന്‍ അനീഷ് ഉപാസന ഈ കുട്ടിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ സംവിധായകന്‍ സോഷ്യല്‍മീഡിയയുടെ സഹായത്തോടെ കുട്ടിയെ കണ്ടെത്തിയിരിക്കുകയാണ്.

വീഡിയോയിലെ ചിന്തു എന്ന ബാലനെ കണ്ടെത്തി, സഹായിച്ചവര്‍ക്ക് നന്ദി. അവനോട് സംസാരിച്ചു. ശേഷം സ്ക്രീനിലെന്ന് അനീഷ് തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. ബ്രസീലിന്‍റെ തോല്‍വിയില്‍ മനംനൊന്ത് വീട്ടില്‍ വഴക്കുണ്ടാക്കുന്ന ഒരു കൊച്ചുകുഞ്ഞിന്‍റെ വീഡിയോ ഏറെപേരാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടത്. സൈക്കിള്‍ മറിച്ചിട്ട് ബന്ധുക്കളോട് കരഞ്ഞുകൊണ്ടാണ് അവന്‍ ബ്രസീലിന്‍റെ തോല്‍വിയില്‍ തന്നെ കളിയാക്കിയവരോട് കെഞ്ചുകയായിരുന്നു കുട്ടി.

തന്‍റെ പുതിയ ചിത്രമായ മധുരക്കിനാവിലേക്കാണ് അനീഷ് കുട്ടിയെ കാസ്റ്റ് ചെയ്തിരിക്കുന്നത്. മധുരക്കിനാവിന്‍റെ ആദ്യ ഭാഗത്തേക്ക് ഒരു കുട്ടിയെ തിരഞ്ഞുകൊണ്ടിരിക്കെയാണ് ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതെന്ന് അനീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. കുസൃതിയ്ക്ക് അപ്പുറം ശക്തമായും നിഷ്കളങ്കമായും തന്‍റെ ടീമിന് വേണ്ടി വാദിക്കുന്ന കുഞ്ഞിനെ സിനിമയില്‍ ഉപയോഗപ്പെടുത്താനാകുമെന്നും ആ നിഷ്കളങ്കത കണ്ട് ചിരി നിര്‍ത്താനാകുന്നില്ലെന്നും അനീഷ് പറഞ്ഞു. 

അനീഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരക്കിനാവ്. മലബാര്‍ പശ്ചാത്തലത്തിലൊരുക്കുന്ന, തീര്‍ത്തും മലപ്പുറം കാരുടെ കഥപറയുന്ന ചിത്രമാണ് ഇത്. നായകനെ വെളിപ്പെടുത്താനായിട്ടില്ലെന്നും അതേസമയം ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും അനീഷ് പറഞ്ഞു.