ഏറെ നാള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന താരങ്ങളാണ് അഞ്ജലിയും ജെയ്‌യും. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോകുന്നുമെന്നുള്ള വാര്‍ത്തകളോട് ആദ്യം പ്രതികരിച്ചില്ലെങ്കിലും പിന്നീട് ഇവയെല്ലാം തള്ളി താരങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇടക്കാലത്തിന് ശേഷം വീണ്ടും പ്രണയത്തിലായെന്നും ഒരുമിച്ചാണ് താമസമെന്നും വാര്‍ത്ത വന്നിരുന്നു. പിന്നീട് ഒരു ദോശ ചലഞ്ചുമായി ബന്ധപ്പെട്ടാണ് ഇരുവരും വാര്‍ത്തകളില്‍ വന്നത്. തുടര്‍ന്ന് ഇരുവരും വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ വിവാഹം ഇപ്പോഴേ ഇല്ലെന്ന് അഞ്ജലി പറഞ്ഞിരുന്നു. പക്ഷേ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത ഇരുവരും ഉടന്‍ വിവാഹിതരാകും എന്നാണ്. തിരുപ്പതി ക്ഷേത്രത്തില്‍ ഡിസംബറില്‍ ഇരുവരും വിവാഹിതരാകും എന്നാണ് വാര്‍ത്ത.

ജ്യോതിക നായികയായി എത്തുന്ന മഗിളര്‍ മട്ടും എന്ന ചിത്രത്തിന്റെ ഭാഗമായി, ജോയ്ക്ക് ദോശ ഉണ്ടാക്കി നല്‍കി സൂര്യ ദോശ ചലഞ്ച് തുടങ്ങിയിരുന്നു. അതിനു ശേഷം നടന്‍ മാധവനേയും സംവിധായകന്‍ വെങ്കിട് പ്രഭുവിനേയും സൂര്യ ചലഞ്ച് ചെയ്തു. വെങ്കട് പ്രഭു ഭാര്യയ്ക്ക് ദോശ ഉണ്ടാക്കി നല്‍കി ചലഞ്ച് ഏറ്റെടുത്തു. പിന്നാലെ ജെയ്‌യെ ചലഞ്ച് ചെയ്യുകയും ചെയ്‍തു. ധൈര്യമുണ്ടെങ്കില്‍ കാമുകിക്കു വേണ്ടി ദോശ ചലഞ്ച് ചെയ്യൂ എന്നായിരുന്നു ട്വീറ്റ്. വെല്ലുവിളി ഏറ്റെടുക്കുക മാത്രമല്ല അഞ്ജലിക്കൊപ്പമുള്ള ചിത്രവും ട്വീറ്റ് ചെയ്‍തു. അതോടെ ഇരുവരുടെയും ദീര്‍ഘനാളായുള്ള പ്രണയത്തിന് സ്ഥിതീകരണമായെന്ന് ഗോസിപ്പ് വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഉടനടി വിവാഹിതയാകില്ലെന്നായിരുന്നു ആ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ അഞ്ജലി പറഞ്ഞത്.

ഞാന്‍ ഇപ്പോള്‍ നിരവധി പ്രൊജക്റ്റുകളുടെ തിരക്കിലാണ്. സിനിമയുടെ എണ്ണത്തിന് അല്ല ഞാന്‍ പ്രാധാന്യം നല്‍കുന്നത്, ഗുണത്തിനാണ്. നല്ല തിരക്കഥകള്‍ കേള്‍ക്കാനാണ് തീരുമാനം. ഉടനൊന്നും വിവാഹിതയാകാന്‍ തീരുമാനിച്ചിട്ടില്ല. ഇപ്പോള്‍ സഹോദരന് വധുവിനെ തേടുകയാണ്. എന്റെ വിവാഹം ഉറപ്പിച്ചാല്‍ അത് എല്ലാവരെയും അറിയിക്കും- എന്നും അ‍ഞ്ജലി പറഞ്ഞിരുന്നു.

എങ്കെയും എപ്പോതും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജോടിയായിരുന്നു അ‍ഞ്ജലിയും ജെയ്‍യും.