Divya Prabha talks about Masthishka Maranam movie. കഥാപാത്രങ്ങൾക്കായി തയ്യാറെടുപ്പുകൾ നടത്താറുണ്ടെങ്കിലും, കൃഷാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'മസ്തിഷ്ക മരണ'ത്തിനായി അധികം ഹോംവർക്ക് ചെയ്തിട്ടില്ലെന്ന് ദിവ്യ പ്രഭ പറയുന്നു
കരിയറിന്റെ തുടക്കത്തിൽ ചെറിയ വേഷങ്ങൾ ചെയ്ത് ഇന്ന് മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമായി വളർന്ന നടിയാണ് ദിവ്യ പ്രഭ. ടേക്ക് ഓഫ്, കമ്മാര സംഭവം, തമാശ, മാലിക് തുടങ്ങീ ചിത്രങ്ങളിലെ ദിവ്യ പ്രഭയുടെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് എന്ന ചിത്രത്തിലെ രശ്മി എന്ന കഥാപാത്രം കരിയറിൽ തന്നെ വലിയ മാറ്റങ്ങൾക്ക് വഴിവച്ചു. ലൊക്കാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടിക്കുള്ള നോമിനേഷൻ ആ വർഷം ദിവ്യ പ്രഭയ്ക്ക് ലഭിച്ചിരുന്നു. പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം കാനിൽ ഗ്രാൻഡ് പ്രി അവാർഡ് കരസ്ഥമാക്കിയിരുന്നു. ചിത്രത്തിലെ ദിവ്യ പ്രഭയുടെ കഥാപാത്രവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
കൃഷാന്ത് സംവിധാനം ചെയ്യുന്ന മസ്തിഷ്ക മരണം എന്ന ചിത്രത്തിൽ ദിവ്യ പ്രഭ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്, ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ദിവ്യ പ്രഭ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഓരോ സിനിമയ്ക്കും പ്രത്യേകം തയ്യാറെടുപ്പുകൾ ഉണ്ടാവുമെന്നും എന്നാണ് ഈ ചിത്രത്തിനായി അത്തരത്തിൽ ഒരുപാട് ഹോംവർക്ക് ചെയ്യേണ്ടി വന്നിട്ടില്ല എന്നാണ് ദിവ്യ പ്രഭ പറയുന്നത്.
"അറിയിപ്പ് എന്ന സിനിമയ്ക്ക് എനിക്ക് റെഫറന്‍സുണ്ടായിരുന്നു. പക്ഷേ ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ് എന സിനിമയ്ക്കായി അങ്ങനെ ഒരു റഫറന്‍സ് തന്നിരുന്നില്ല. പക്ഷേ ത്രൂ ഔട്ട് വര്‍ക്ക് ഷോപ്പ് ചെയ്തിരുന്നു. അവരുടെ പാറ്റേണ്‍ എങ്ങനെയാണോ അതിലേക്ക് ഞാന്‍ അഡാപ്റ്റ് ചെയ്തു. അങ്ങനെ ഒരോ സിനിമയ്ക്കും വ്യത്യസ്തമായ രീതികളായിരിക്കും ഉണ്ടാകുക. തയ്യാറെടുപ്പുകള്‍ ഇല്ലാതെ എനിക്ക് ഒരു കഥാപാത്രവും ചെയ്യാന്‍ കഴിയില്ല. പ്രിപ്പറേഷനില്‍ ഞാന്‍ ഉറച്ച് വിശ്വസിക്കുന്നുണ്ട്. എന്നാല്‍ നമ്മള്‍ ഫെളക്‌സിബിളായിരിക്കണം. നമ്മുടേതായ കുറച്ച് തയ്യാറെടുപ്പുകള്‍ ആ കഥാപാത്രത്തിന് കൊടുക്കുകയും വേണം പിന്നീട് സംവിധായകന്റെ വിഷനനുസരിച്ച് അഡാപ്റ്റ് ചെയ്യുകയും വേണം
എന്നാല്‍ മസ്തിഷ്‌ക മരണത്തിനായി താന്‍ ഒരുപാട് ഹോം വര്‍ക്ക് ഒന്നും എടുത്തിട്ടില്ല. ഈ കഥ ഭാവിയിൽ നടക്കുന്നതാണ്. കൃഷാന്തിലുള്ള വിശ്വാസത്തിന്റെ പുറത്താണ് ഈ സിനിമ ചെയ്തത്." ദിവ്യ പ്രഭ പറയുന്നു. ഇൻഡിവുഡിന് നൽകിയ അഭിമുഖത്തിലായിരുന്നു ദിവ്യ പ്രഭയുടെ പ്രതികരണം.
ഡോൺ പാലത്തറ സംവിധാനം ചെയ്ത, ഫാമിലിയും ദിവ്യ പ്രഭയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. ആസിഫ് അലി നായകനായെത്തിയ സർക്കീട്ട് ആയിരുന്നു ദിവ്യ പ്രഭയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. അതേസമയം ഫെബ്രുവരി 27 നാൻ മസ്തിഷ്ക മരണം തിയേറ്ററുകളിൽ എത്തുന്നത്. രജിഷ വിജയൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.



