''തന്‍റെ സഹോദരിമാരെ അപമാനിക്കുന്നത് നോക്കി നില്‍ക്കാനാകില്ല''

First Published 5, Mar 2018, 4:21 PM IST
anshula kapoor reacts on comments over jhanvi and khushi
Highlights
  • ജാന്‍വിയെയും ഖുശിയെയും ചേര്‍ത്തണച്ച് അന്‍ഷുല

മുംബൈ: അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ വേര്‍പാടിലെ ദുഃഖത്തിലാണ് ഇപ്പോഴും കുടുംബവും ആരാധകരും. മാര്‍ച്ച് മൂന്നിന് ശ്രീദേവിയുടെ ചിതാഭസ്മം രാമേശ്വരത്ത് കടലില്‍ ഒഴിക്കിയതോടെ താരത്തിന്റെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയായി. ശ്രീദേവിയുടെ മരണം അറിഞ്ഞത് മുതല്‍ കുടുംബത്തിന് താങ്ങായിരുന്നത് രണ്ടുപേരാണ്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെയും ആദ്യ ഭാര്യ മോണയുടെയും മക്കള്‍ അര്‍ജ്ജുന്‍ കപൂറും അന്‍ഷുല കപൂറും. 

അന്നുവരെ നിലനിന്ന വാശിയെല്ലാം മറന്ന് ഇരുവരും ജാന്‍വിയ്ക്കും ഖുശിയ്ക്കുമടുത്തേക്ക് ഓടിയെത്തുകയായിരുന്നു. അര്‍ജ്ജുനാകട്ടെ ദുബായില്‍ ബോണികപൂറിനൊപ്പം നിന്ന് മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി. ഇതെല്ലാം വാര്‍ത്തകളില്‍ ഇടംപിടിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അന്‍ഷുല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. 

ഏത് പ്രതികൂല സാഹചര്യവുമാകട്ടെ ഒന്നുമില്ലായ്മയിലും കാട്ടുപൂക്കള്‍ പുഷ്പിച്ചുകൊണ്ടിരിക്കുമെന്നാണ് അന്‍ഷുല പോസ്റ്റ് ചെയ്തത്. എന്നാല്‍ പോസ്റ്റിന് താഴെ ശ്രീദേവിയുടെ മക്കളായ ജാന്‍വിയെയും ഖുശിയെയും പരിഹസിച്ചും മോശം രീതിയില്‍ ചിത്രീകരിച്ചുമുള്ള കമന്റുകളാണ് നിരന്നത്. ശക്തമായി തന്നെയാണ് ഇത്തരം കമന്റുകള്‍ക്കെതിരെ അന്‍ഷുല തുറന്നടിച്ചത്. 

തന്റെ സഹോദരിമാര്‍ക്കെതിരെ ഇത്തരം മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് അവനസാനിപ്പിക്കണമെന്ന് അപേക്ഷിക്കുകയാണ്. ഇത് എനിക്ക് അംഗീകരിക്കാനാകില്ല. അതിനാല്‍ തന്നെ ഈ കമന്റുകള്‍ എടുത്തുകളയുകയാണ്. തന്റെ സഹോദരനും തനിക്കും നല്‍കിയ പിന്തുണയ്ക്ക് നന്ദി; അന്‍ഷുല കുറിച്ചു.
 

loader