ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ജീവിതകഥ പറയുന്ന സിനിമയാണ് ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റര്‍. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അനുപം ഖേര്‍ ആണ് ചിത്രത്തില്‍ ഡോ. മൻമോഹൻ സിംഗ് ആയി അഭിനയിക്കുന്നത്. തുടക്കത്തില്‍ താൻ സിനിമയുടെ ഭാഗമാകാൻ ആഗ്രഹിച്ചില്ലെന്നാണ് അനുപം ഖേര്‍ പറയുന്നത്. ജനുവരി 11നാണ് ചിത്രം റിലീസ് ചെയ്യുക.

ഒന്നര വര്‍ഷം മുമ്പാണ് എന്റെ സുഹൃത്ത് അശോക് പണ്ഡിറ്റ് സിനിമയെ കുറിച്ച് പറയുന്നത്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. വിവാദങ്ങളെ കുറിച്ച് ഞാൻ കേട്ടിരുന്നു. സിനിമയുടെ ഭാഗമാകാൻ താൻ ഇല്ലെന്നായിരുന്നു എന്റെ ആദ്യ പ്രതികരണം. അതിന് കുറെ കാരണങ്ങളുണ്ട്. ഇതൊരു രാഷ്‍ട്രീയ സിനിമയായിരിക്കുമെന്നാണ് ഞാൻ കരുതിയത്. സിനിമയില്‍ എന്തൊക്കെയായിരിക്കും ഉണ്ടായിരിക്കുക എന്ന് എനിക്ക് അറിയില്ല. മാത്രവുമല്ല ഡോ. മൻമോഹൻ സിംഗ് ആയി അഭിനയിക്കുക അത്ര എളുപ്പവുമല്ല. അദ്ദേഹം സജീവമായിട്ടുള്ള ഒരു രാഷ്‍ട്രീയ പ്രവര്‍ത്തകനുമാണ്. 1960കളിലെയോ 70കളിലെയോ കഥയല്ല ചിത്രത്തിന്റേത്. അതിനാല്‍ തന്നെ സിനിമ വേണ്ടെന്നുവയ്‍ക്കാനായിരുന്നു ആദ്യ തീരുമാനം- അനുപം ഖേര്‍ പറയുന്നു. എന്നാല്‍ ഒരു നടനെന്ന നിലയില്‍ ഡോ. മൻമോഹൻ സിംഗിന്റെ റോള്‍ വെല്ലുവിളിയായിരുന്നുവെന്നും അനുപം ഖേര്‍ പറയുന്നു. ഡോ. മൻമോഹൻ സിംഗ് നടക്കുന്നത് ഒരു ദിവസം ടിവിയില്‍ കണ്ടു. അതുപോലെ നടക്കാനാകുമോയെന്ന് എന്നിലുള്ള നടൻ ചോദിച്ചു. പക്ഷേ അത് പരാജയമായിരുന്നു. അത് വെല്ലുവിളിയായി. അദ്ദേഹത്തിന്റെ നടത്തം 45 മിനുട്ടോളം ഞാൻ റിഹേഴ്‍സല്‍ നടത്തി. ഇപ്പോഴും ശരിയായില്ല. ഞാൻ സിനിമയുടെ അണിയറക്കാരെ വിളിച്ച് തിരക്കഥയെ കുറിച്ച് ചോദിച്ചു. തിരക്കഥ എന്നെ ആകര്‍ഷിച്ചു. ഡോ. മൻമോഹൻ സിംഗ് ആകുന്നതിന് എല്ലാം വെല്ലുവിളിയായിരുന്നു. അദ്ദേഹത്തിന്റെ ശബ്‍ദവും അങ്ങനെ എല്ലാം- അനുപം ഖേര്‍ പറയുന്നു.

ഡോ. മൻമോഹൻ സിംഗ് ആകാൻ കുറെക്കാലം പരിശീലിച്ചു. നടത്തം ശരിയാകാൻ കുറെ സമയമെടുത്തു. ശബ്‍ദമായിരുന്നു ഏറ്റവും ബുദ്ധിമുട്ട്. കരിയറിലെ ഏറ്റവും വെല്ലുവിളിയുള്ള റോളായിരുന്നു ഡോ. മൻമോഹൻ സിംഗിന്റേത്. അദ്ദേഹത്തെ എല്ലാവര്‍ക്കും അറിയാം- അനുപം ഖേര്‍ പറയുന്നു.

വിജയ് രത്നാകര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മൻമോഹൻ സിംഗിനു പുറമെ മറ്റൊരു പ്രധാന കഥാപാത്രം കോണ്‍ഗ്രസിന്റെ മുൻ അധ്യക്ഷ സോണിയാ ഗാന്ധിയാണ്. സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത് ജര്‍മൻ നടി സുസൻ ബെര്‍‌നെര്‍ട് ആണ്.