ഉറി ആക്രമണത്തിന് ശേഷം വഷളായ ഇന്ത്യാ- പാക്കിസ്ഥാന്‍ ബന്ധം നമ്മുടെ സിനിമ മേഖലയെും ബാധിച്ചിരുന്നു.  കരണ്‍ജോഹര്‍ ചിത്രം യെ ദില്‍ ഹെ മുഷ്കില്‍ വിലക്കിയ തിയേറ്റര്‍ ഉടമകളുടെ തീരുമാനത്തില്‍ പ്രധാനമന്ത്രിയെക്കൂടി വിമര്‍ശിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്. സിനിമ ഷൂട്ടുചെയ്യുന്ന അതേകാലത്ത് പാക്കിസ്ഥാനിലെത്തി നവാസ് ഷെറീഫിനെ കണ്ട മോദി ഇപ്പോള്‍ ക്ഷമാപണം നടത്തേണ്ടതല്ലേ എന്ന് അനുരാഗ് ചോദിച്ചു.

പാക് താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചതോടെ ദീപാവലിക്ക് റിലീസ് നിശ്ചയിച്ച കരണ്‍ജോഹര്‍ ചിത്രം പ്രതിസന്ധിയിലായി. ബിഗ്ബജറ്റ് ചിത്രമായ യെ ദില്‍ഹെ മുഷ്കില്‍ റിലീസ് ചെയ്യാനാകില്ലെന്ന് വന്നതോടെ അസോസിയേഷന്‍ തീരുമാനത്തിനെ അനുകൂലിച്ചും എതിര്‍ത്തും ബോളിവുഡ് രണ്ടു ചേരിയിലാണ്. വിവാദത്തില്‍ കരണ്‍ ജോഹറിനൊപ്പമാണ് എന്നു പ്രഖ്യാപിച്ച സംവിധായകന്‍ അനുരാഗ് കശ്യപിന്റെ തുടര്‍ച്ചയായുള്ള ട്വീറ്റുകളാണ് ബോളിവുഡില്‍ ഇപ്പോഴത്തെ സംസാരം. ചിത്രം വിലക്കിയ  തിയേറ്റര്‍ ഉടമകളുടെ തീരുമാനത്തെ വിമര്‍ശിച്ച കശ്യപ് പ്രധാനമന്ത്രിക്കെതിരെയും ഒളിയമ്പെയ്തു. പാക്കിസ്ഥാനി നടനായ ഫവാദ് ഖാനെ ഉള്‍പെടുത്തിയ സിനിമ വിലക്കണമെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ സിനിമ ഷൂട്ട്ചെയ്യുന്ന അതേകാലത്ത് പാക്കിസ്ഥാനിലെത്തി നവാസ് ഷെറീഫിനെ കണ്ട പ്രധാനമന്ത്രി മോദി ഇപ്പോള്‍ ക്ഷമാപണം നടത്തേണ്ടതല്ലേ എന്ന് അനുരാഗ് ട്വിറ്ററില്‍ കുറിച്ചു. നമ്മള്‍ രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് സിനിമയെ കുറ്റപ്പെടുത്തിയും സിനിമ വിലക്കിയും ആണെന്നും അനുരാഗ് പരിഹസിച്ചു. ചിത്രം വിലക്കിയ തീരുമാനത്തിനെതിരെ നടന്‍ ഒംപുരി, സംവിധായകന്‍ ശ്യാം ബെനഗല്‍, സെന്‍സര്‍ബോര്‍ഡ് അധ്യക്ഷന്‍ പെഹ്ലാജ് നിഹ്ലാനി എന്നിവരും രംഗത്തുവന്നിട്ടുണ്ട്. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാക് താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ അസോസിയേഷന്‍ തീരുമാനിച്ചത്. സിനിമ നേരത്തെ നിശ്ചയിച്ചപോലെ ഇരുപത്തിയെട്ടിന് തിയേറ്ററുകളില്‍ എത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് സംവിധായകന്‍ കരണ്‍ ജോഹര്‍.
Anurag Kashyap Modi