'അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഞാന്‍ ഗ്യാങ്സ് ഓഫ് വാസിപൂര്‍ ചെയ്‍തത്'
സ്വന്തം സിനിമകളുടെ പ്രൊമോഷന് വേണ്ടി മാത്രം വായ തുറക്കുന്ന സംവിധായകരില്നിന്ന് വ്യത്യസ്തനാണ് അനുരാഗ് കാശ്യപ്. തമിഴും മലയാളവുമുള്പ്പെടെ ഇന്ത്യയിലെ മറ്റ് ഇന്റസ്ട്രികളില് നിന്നുള്ള ചിത്രങ്ങള് സസൂക്ഷ്മം നിരീക്ഷിക്കാറുണ്ട് അദ്ദേഹം. അവിടങ്ങളില് സംഭവിക്കുന്ന പുതിയ മാറ്റങ്ങള് ശ്രദ്ധിക്കാറും ഇഷ്ടപ്പെട്ടാല് അണിയറക്കാരെ അഭിനന്ദിക്കാറുമുണ്ട്. പല മലയാള ചിത്രങ്ങളെക്കുറിച്ചും മുന്പ് ട്വിറ്ററില് തന്റെ അഭിപ്രായങ്ങള് പോസ്റ്റ് ചെയ്തിട്ടുണ്ട് അദ്ദേഹം. ഇപ്പോഴിതാ കഴിഞ്ഞ പത്ത് വര്ഷത്തിനിടെ തന്നെ ഏറ്റവും സ്വാധീനിച്ച സിനിമ ഏതെന്ന് പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് അനുരാഗ് കാശ്യപ്. ഒരു ഇന്ത്യന് സിനിമയെങ്കിലും ബോളിവുഡ് ചിത്രമല്ല അനുരാഗിന്റെ പ്രിയചിത്രം.
ശശികുമാര് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2008ല് പുറത്തെത്തിയ തമിഴ് ചിത്രം സുബ്രഹ്മണ്യപുരമാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കണ്ടതില് തന്റെ പ്രിയചിത്രമെന്ന് പറയുന്നു അനുരാഗ് കാശ്യപ്. ഈ ചിത്രമാണ് ഗ്യാങ്സ് ഓഫ് വാസിപൂര് ഒരുക്കാന് തനിക്ക് പ്രചോദനമേകിയതെന്നും പറയുന്നു അനുരാഗ്. ശശികുമാര് ചിത്രം തീയേറ്ററുകളിലെത്തി പത്ത് വര്ഷം പൂര്ത്തിയാക്കുന്ന ദിവസമാണ് സിനിമയോടുള്ള ഇഷ്ടം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചത്. 2008 ജൂലൈ നാലിനാണ് സുബ്രഹ്മണ്യപുരം തീയേറ്ററുകളിലെത്തിയത്.

സുബ്രഹ്മണ്യപുരത്തെ അന്തര്ദേശീയ ചലച്ചിത്രോത്സവങ്ങളിലെത്തിക്കാന് അനുരാഗ് കാശ്യപ് തന്നെ സഹായിച്ചിരുന്നുവെന്ന് ശശികുമാര് നേരത്തേ പറഞ്ഞിട്ടുണ്ട്. ചെറിയ മുതല്മുടക്കില് ഒരുക്കിയ ചിത്രം ആ വര്ഷം തമിഴിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമായിരുന്നു. ശശികുമാറിനൊപ്പം ജയ്, സമുദ്രക്കനി, സ്വാതി, ഗഞ്ജ കറുപ്പ് തുടങ്ങിയവര് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
