ഉഡ്ത പഞ്ചാബിനെ സെന്‍സര്‍ ചെയ്യുന്നവര്‍ മയക്കുമരുന്നുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അഭിഷേക് ചൗബേ സംവിധാനം ചെയ്ത ഉഡ്ത പഞ്ചാബില്‍ ഷാഹിദ് കപൂറാണു നായകന്‍. പഞ്ചാബിലെ യുവാക്കള്‍ മയക്കുമരുന്നിന് അടിമകളാകുന്നതിനെക്കുറിച്ചു പറയുന്ന ചിത്രത്തില്‍ 89 ഭാഗങ്ങള്‍ വെട്ടിമാറ്റണമെന്നാണു സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. 

കൂടാതെ സിനിമയുടെ പേരില്‍നിന്നു പഞ്ചാബ് എന്ന ഭാഗം എടുത്തുകളയണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുന്നു. എ സര്‍ട്ടിഫിക്കറ്റാണു ചിത്രത്തിനു നല്‍കിയിരിക്കുന്നത്. മലയാളി സംവിധായകന്‍ രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളാണ് അനുരാഗ് കശ്യപ്.

ചിത്രത്തില്‍നിന്നു പഞ്ചാബ് എന്ന പരാമര്‍ശം വരുന്ന ഭാഗങ്ങളെല്ലാം വെട്ടിമാറ്റമെന്നാണ് തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശമെന്ന് ഉഡ്ത പഞ്ചാബുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം 17നു ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.