മുംബൈ: വിരാട് കോലിയും അനുഷ്ക ശര്‍മ്മയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇതിനുമുൻപും ഒരുപാട് വന്നിട്ടുണ്ടെങ്കിലും ഇത്രയും പ്രണയാതുരമായ ഒരു ചിത്രം നമ്മള്‍ ഇതുവരെ കണ്ടിട്ടുണ്ടാവില്ല. കോലിയും അനുഷ്കയും ഒരുമിച്ച്‌ അഭിനയിക്കുന്ന ഒരു പരസ്യത്തിന്‍റെ ചിത്രീകരണത്തിനിടയിലേതാണ് ആ രംഗങ്ങള്‍. വിരുഷ്ക ഫാന്‍സിന്റെ ഹൃദയം കവര്‍ന്ന ആ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു

ചിത്രത്തില്‍ രണ്ടുപേരും പരമ്പരാഗത വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. ഒരു ചിത്രത്തില്‍ അനുഷ്ക ചിരിച്ചുകൊണ്ട് ക്യാമറയ്ക്ക് പോസ് ചെയ്യാന്‍ നില്‍ക്കുന്നു, പക്ഷേ കോലിയുടെ കണ്ണുകള്‍ അപ്പോഴും അനുഷ്കയുടെ മുഖത്തുതന്നെയാണ്. കോലി അനുഷ്കയുടെ സൗന്ദര്യത്തില്‍ വീണുപോയോ അതോ കോലിക്ക് അനുഷ്കയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാന്‍ കഴിയാത്തതിനാലാണോ എന്നൊക്കെയാണ് ചിത്രം കണ്ട ആരാധകരുടെ ചോദ്യം. എന്നാൽ, മറ്റൊരു ചിത്രത്തില്‍ കോലിയും അനുഷ്കയും പരസ്പരം കണ്ണില്‍ നോക്കി നില്‍ക്കുന്നതാണുള്ളത്.

മുംബൈയില്‍ നടന്ന ചിത്രീകരണത്തിനിടയിലെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം, എന്തിനെക്കുറിച്ചുളളതാണ് പരസ്യം എന്നു വ്യക്തമല്ല. വസ്ത്രവുമായി ബന്ധപ്പെട്ട പരസ്യമായിരിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. നേരത്തെ അനുഷ്കയോടൊപ്പമുള്ള ചിത്രം കോലി ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ചിത്രമാക്കിയിരുന്നു.