സുഷിൻ തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിവരം പങ്കുവെച്ചത്
ഇന്ത്യൻ സംഗീത പ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകരിൽ ഒരാളാണ് എ.ആർ റഹ്‌മാൻ. എല്ലാ തലമുറയിലുംപെട്ട മനുഷ്യരെ സ്വാധീനിക്കാനും അവരുടെ വികാരങ്ങളെ ഒരു നേർത്ത തലോടലായി കൊണ്ടാടാനും റഹ്‌മാന്റെ സംഗീതത്തിന് കഴിവുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രമായി 8 മില്യൺ ഫോളോവേഴ്സ് ഉള്ള സംഗീതസംവിധായകനാണ് ഓസ്കർ ജേതാവ് കൂടിയായ എ.ആർ റഹ്‌മാൻ. എന്നാൽ ഇപ്പോഴിതാ മലയാളത്തിലെ യുവ സംഗീത സംവിധായകനായ സുഷിൻ ശ്യാമിനെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തിരിക്കുകയാണ് എ.ആർ റഹ്‌മാൻ. സുഷിൻ തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിവരം പങ്കുവെച്ചത്.
"സത്യമായും ഇതെന്റെ ആദ്യത്തെ ഫാൻ ബോയ് മൊമന്റ് ആണ്. അനുകമ്പാപൂർവ്വമുള്ള സന്ദേശത്തിന് നന്ദി സാർ." എന്നാണ് സുഷിൻ ഇൻസ്റ്റയിൽ കുറിച്ചത്. അമൽ നീരദ് ചിത്രം 'ബോഗെയ്ൻവില്ല' ആയിരുന്നു അവസാനമായി സുഷിൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രം. തുടരെ തുടരെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ സുഷിന്റെ മ്യൂസിക് സിനിമയുടെ അഭിവാജ്യ ഘടകമായി മാറിയ സമയമായിരുന്നു കഴിഞ്ഞ കുറച്ച് വർഷങ്ങൾ. എന്നാൽ തത്കാലത്തേക്ക് സിനിമ സംഗീതത്തിൽ നിന്നും ഒരു ചെറിയ ഇടവേളയെടുത്തിരിക്കുകയാണ് സുഷിൻ.
എന്നാൽ അതിനിടയിൽ 'റേ' എന്ന മ്യൂസിക് ആൽബവും, തന്റെ ട്രൂപ്പായ ഡൌൺട്രോഡൻസിനൊപ്പം മ്യൂസിക് കൺസെർട്ടുകളും താരം ചെയ്യുന്നുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി- മോഹൻലാൽ ചിത്രത്തിനും, മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലൻ' എന്ന ചിത്രത്തിനും സുഷിൻ ആണ് സംഗീതം നിർവഹിക്കുന്നത്.
അതേസമയം മണിരത്നം- കമൽഹാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'തഗ് ലൈഫ്' ആയിരുന്നു എ.ആർ റഹ്‌മാൻ സംഗീതം നിർവഹിച്ച അവസാന ചിത്രം. വിഖ്യാത ഹോളിവുഡ് സംഗീത സംവിധായകൻ ഹാൻസ് സിമ്മറുമായി ചേർന്ന് സംഗീതമൊരുക്കുന്നത് നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ' എന്ന ചിത്രത്തിന് വേണ്ടി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.


