Asianet News MalayalamAsianet News Malayalam

റിയാലിറ്റി ഷോയ്ക്ക് വേണ്ടി ജീവിതം വച്ചു കളിക്കാൻ എനിക്കാവില്ല: അര്‍ച്ചന സുശീലന്‍

18 പേർ മാറ്റുരച്ച ബി​ഗ് ബോസ് റിയാലിറ്റി ഷോ അവസാനവാരത്തിലേക്ക് കടക്കുകയാണ്. ​നോമിനേഷൻ വഴിയുള്ള അവസാന എലിമിനേഷനിൽ ഈ ആഴ്ച്ച ബി​ഗ് ബോസിൽ നിന്നും പുറത്തായത് അർച്ചന സുശീലനാണ്. നോമിനേഷനിൽ വരാതിരുന്ന അരിസ്റ്റോ സുരേഷും, ശ്രീനിഷും, അദിതിയും നേരിട്ട് ​ഗ്രാൻഡ് ഫിനാലേയ്ക്ക് യോ​ഗ്യത നേടിയപ്പോൾ ആണ് താരത്മ്യേന ശക്തമായ പ്രേക്ഷകപിന്തുണയുള്ള അർച്ചന ബി​ഗ് ബോസിൽ നിന്നും പടിയിറങ്ങിയത്. ശക്തരെ പുറത്താക്കിയും ദുർബലരെ സംരക്ഷിച്ചുമുള്ള ബി​ഗ്ബോസ് മത്സരാർത്ഥികളുടെ​ ​ഗെയിം പ്ലാനിനെക്കുറിച്ച് വിമർശനങ്ങളും ചർച്ചകളും ശക്തമാക്കുമ്പോൾ അർച്ചന സുശീലന് പറയാനുള്ളത് എന്താണെന്ന് കേൾക്കാം. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് വേണ്ടി മാധ്യമപ്രവർത്തക സുനിത ദേവദാസ് നടത്തിയ അഭിമുഖത്തിൽ നിന്നും... 

archana sharing her bigg boss experience
Author
Mumbai, First Published Sep 24, 2018, 12:36 PM IST

വ്യക്തിപരമായി പറഞ്ഞാൽ  ബിഗ് ബോസ് വീട്ടിൽ ജീവിച്ച 92 ദിവസങ്ങൾ എനിക്ക് മികച്ചൊരു അനുഭവമായിരുന്നു. ഒരായുസ്സ് കൊണ്ട് അനുഭവിക്കേണ്ട എല്ലാ കാര്യങ്ങളും ഈ മൂന്നു മാസം കൊണ്ട് അനുഭവിച്ചു. പല തരക്കാരായ, പല സ്വഭാവക്കാരായ മനുഷ്യർ. അവർക്കിടയിൽ ജീവിക്കുമ്പോൾ ഉണ്ടാവുന്ന അനുഭവങ്ങൾ... അതെല്ലാവർക്കും കിട്ടുന്നതല്ല. ആ അവസരം എനിക്ക് ലഭിച്ചതിൽ സന്തോഷമുണ്ട്.

ഇതൊരു ഗെംയിമാണ്. എല്ലാവരും പുറത്തു പോകേണ്ടവരാണ്. എങ്കിലും ഇത്രയും ദിവസം പിടിച്ചു നിന്ന എനിക്ക് ഫൈനൽ വരെ എത്താൻ സാധിക്കുമെന്നാണ് കരുതിയത്. എന്നാൽ അതുണ്ടായില്ല.  ബി​ഗ് ബോസ് വീട്ടിനുള്ളിൽ നടക്കുന്ന ഗ്രൂപ്പ് കളിയുടെ ഭാ​ഗമായി എലിമിനേഷനിൽ വന്നതോടെ ഞാൻ പുറത്തായി. ശക്തരായ എതിരാളികളെ പുറത്താക്കുകയും ദുർബലരെ നിലനിർത്തുകയും ചെയ്യുന്ന കളിയാണ് വീട്ടിലുള്ളവർ  കളിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ബിഗ് ബോസല്ല. ഇതിനു പുറത്താണ് എന്റെ ജീവിതം. അതിനാൽ ഒരു റിയാലിറ്റി ഷോ ജയിക്കാൻ എന്തും ചെയ്യാൻ കഴിയില്ല. സ്വന്തം മനസാക്ഷിക്ക് ശരി എന്ന് തോന്നുന്നത് മാത്രമേ അവിടെ ചെയ്തിട്ടുള്ളു. 

ബി​ഗ് ബോസ് വീട്ടിനുള്ളിൽ രഞ്ജിനിയോടും ദീപനോടും സാബുവിനോടും ദിയയോടും ഞാൻ കൂട്ട് കൂടിയിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും ഞങ്ങൾ ഒത്തുകളിക്കുകയോ നോമിനേഷൻ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാൽ പേളിയും ശ്രീനിഷും ഷിയാസും സുരേഷേട്ടനും ഒത്തുകളിക്കുകയാണ്. അദിതിക്ക് സുരേഷേട്ടനും ഷിയാസുമായി അടുപ്പമുള്ളതു കൊണ്ട് ഫലത്തിൽ അതിദിയും ഈ കളിയുടെ ഭാ​ഗമായി വരും. അവരാണല്ലോ അവിടെ ഭൂരിപക്ഷം. അതിനാൽ ഇവരുടെ എല്ലാ കളികളും അവിടെ നടക്കും.

ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതിലൊക്കെ ഇവർ ഈ ഒത്തുകളി നടത്തും. അവരുടെ താല്പര്യം സംരക്ഷിക്കുന്നവരെയാണ് ക്യാപ്റ്റൻ ആക്കുക.  എലിമിനേഷന്റെ ദിവസം അവർ മനഃപൂർവം സുരേഷേട്ടനെ ക്യാപ്റ്റൻ ആക്കി. അതുവഴി അദ്ദേഹത്തെ ഫിനാലെയിൽ എത്തിച്ചു. അത് കഴിഞ്ഞു ശ്രീനിയേയും അതിദിയെയും ഫിനാലെയിൽ എത്തിച്ചു. പേളിയും അതിദിയും തമ്മിൽ നേരിട്ട് അത്ര നല്ല ബന്ധമൊന്നുമില്ല. എന്നാൽ സുരേഷേട്ടൻ ഇടക്ക് ഉള്ളതിനാലാണ് അതിദി ഫിനാലെയിൽ എത്തിയത്. നോമിനേഷനിൽ സാബു ചേട്ടനും കൂടി ശ്രീനിഷിനു വോട്ട് ചെയ്തിരുന്നെങ്കിൽ അവൻ എലിമിനേഷനിൽ വരുമായിരുന്നു. പക്ഷെ ഇന്നേ വരെ ഞങ്ങൾ എലിമിനേഷനോ നോമിനേഷനോ ചർച്ച ചെയ്തിട്ടില്ല. അതിനാൽ ആര് ആരെ നോമിനേറ്റ് ചെയ്യുന്നുവെന്നു ഞങ്ങൾക്ക് പരസ്പരം അറിയില്ല. 

പേളിയെക്കുറിച്ച് പറയുകയാണെങ്കിൽ ഗെയിം ജയിക്കാൻ വേണ്ടി പുള്ളിക്കാരി നന്നായി കളിക്കും. ബി​ഗ് ബോസിലേക്ക് ഏറ്റവും തയ്യാറെടുപ്പുകൾ നടത്തി വന്ന ആളാണ് പേളി. അതു കൊണ്ട് തന്നെ വളരെ ശക്തയായ മത്സരാർത്ഥി കൂടിയായിരുന്നു അവർ. ക്യാമറ സ്പേസിനെക്കുറിച്ചൊക്കെ പേളിക്ക് വ്യക്തമായ ധാരണയുണ്ട്.  

ലാലേട്ടന്റേയും മറ്റു സംസാരത്തിൽ നിന്ന് സുരേഷേട്ടന് അത്യാവശ്യം ഫാൻ ബേസ് ഉണ്ടെന്ന് മനസ്സിലാക്കിയ ശേഷം പേളി സുരേഷേട്ടനുമായി നല്ല സൗഹൃദത്തിലായിരുന്നു. പിന്നീട് സുരേഷട്ടനെ ചൊല്ലിയുണ്ടായ തർക്കങ്ങളിൽ പേളി സ്വീകരിച്ച നിലപാടൊന്നും എനിക്ക് വ്യക്തിപരമായി അം​ഗീകരിക്കാനാവുന്നതായിരുന്നില്ല. മൂന്നാമതൊരാൾ വന്ന് സുരേഷേട്ടനെക്കുറിച്ച് സംശയം പ്രകടിപ്പിക്കുമ്പോൾ അത് തെറ്റോ ശരിയോ എന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്തം പേളിക്കുണ്ടെന്നാണ് ഞാൻ കരുതുന്നത്. അതവൾ ചെയ്തില്ല. ഇതിന്റെ പേരിൽ ഒരു തവണ പേർളിയെ ഞാൻ നോമിനേറ്റ് ചെയ്യുകയും ചെയ്തിരുന്നു. 

ഇതിനെ ചൊല്ലിയുണ്ടായ പ്രശ്നങ്ങളൊക്കെ നിങ്ങൾ കണ്ടിട്ടുണ്ടാവുമല്ലോ. ചോദ്യവും പറച്ചിലും കരച്ചിലും. അത് പേളിയുടെ ഇരയായി മാറല്‍ ​ഗെയിമിന്റെ ഭാ​ഗമായിട്ടാണ് ഞാൻ കാണുന്നത്. ആ വീട്ടിൽ പേളി ഉണ്ടാക്കിയെടുത്ത മൂന്നു വാക്കുകൾ ഉണ്ട്. ടാർഗറ്റ് ചെയ്യുക, കോർണർ ചെയ്യുക, അവഗണിക്കുക... പേളി പറഞ്ഞു പറഞ്ഞു ഈ വാക്കുകൾ എല്ലാവരുടെയും മനസ്സിൽ കയറി. അവിടെ ആരും ആരെയും ഒന്നും ചെയ്യാറില്ല. എല്ലാവർക്കും അവരവരുടെ സ്പേസുണ്ട്. എന്നാൽ പേർളി എപ്പോഴും വെറുതെ പറയും, എന്നെ ടാർഗറ്റ് ചെയ്യുന്നു, കോർണർ ചെയ്യുന്നു, അവഗണിക്കുന്നുവെന്നൊക്കെ. എന്നിട്ട് അടിയുണ്ടാക്കും. എല്ലാവരോടും അങ്ങോട്ട് പോയി ചൊറിഞ്ഞു ചൊറിഞ്ഞു വഴക്കുണ്ടാക്കും. മറ്റെയാൾ അവസാനം കൺട്രോൾ പോയി എന്തെങ്കിലുമൊക്കെ പറയും. അതോടെ കരച്ചിലായി.ബഹളമായി. 

സുരേഷേട്ടനുമായി ബന്ധപ്പെട്ട വിവാദങ്ങൾ കഴിഞ്ഞ ശേഷമാണ് പേളി-ശ്രീനി ലൗവ് ട്രാക്ക് തുടങ്ങുന്നത്. അതൊരു ​ഗെയിമാണോ അതോ സത്യസന്ധമായ പ്രണയമാണോ എന്നൊന്നും ഇപ്പോഴും എനിക്ക് അറിയില്ല. എനിക്ക് മാത്രമല്ല ബാക്കി വീട്ടുകാർക്കും ഈ കാര്യത്തിൽ കൃത്യമായ ധാരണയില്ല. ബി​ഗ് ബോസ് കഴി‍ഞ്ഞിട്ടും അവർ ഈ പ്രണയം തുടരുമോ എന്നറിയില്ല. ആ ബന്ധം തുടരുകയും അതൊരു വിവാഹത്തിലേക്ക് എത്തുകയും ചെയ്താൽ ഞങ്ങൾക്കും സന്തോഷം. 

ശ്രീനിഷ് ഫിനാലെയിൽ എത്തിയത് പേർളിയുടെ കൂടെ കൂട്ടിയത് കൊണ്ട് മാത്രമാണ്. ​എന്നാൽ ശ്രീനി ഫിനാലെയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടതോടെ പേർളി ഭയങ്കര അസ്വസ്ഥയായി മാറിയതായി എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെ ആണ് അതേ ചൊല്ലി  കണ്ണീരും ബഹളവുമൊക്കെയായത്. ശ്രീനി തന്നെ അവ​ഗണിക്കുന്നുവെന്ന് വരുത്തി പേളി ബി​ഗ് ബോസ് തീരും മുൻപേ ബന്ധം അവസാനിപ്പിക്കാൻ സാധ്യതയുണ്ട് . എന്നാൽ ശ്രീനി ഇക്കാലം  കൊണ്ട് പേർളിയെ നന്നായി മനസ്സിലാക്കിയതിനാൽ വളരെ സൂക്ഷിച്ചാണ് പെരുമാറുന്നത്. പ്രണയത്തിൽ നിന്ന് ഈ ഘട്ടത്തിൽ പിൻമാറിയാൽ ജനപിന്തുണ കുറയുമെന്ന് അവനറിയാം.  ഈ ബന്ധം എങ്ങനെ മുന്നോട്ട് കൊണ്ടു പോകും എന്ന ഒരു ടെൻഷൻ രണ്ട് പേർക്കും ഉള്ളതായാണ് തോന്നുന്നത്. 

ആളുകളെ ജഡ്ജ് ചെയ്യുന്നതിൽ മിടുക്കുള്ള ആളാണ് പേർളി. കൂട്ടത്തിൽ ദുർബരായ സുരേഷിനേയും ഷിയാസിനേയും കൂടെ പേർളി കൂടെ നിർത്തിയത് വീട്ടിലെ സമവാക്യങ്ങളെ മാറ്റിമറിച്ചിരുന്നു. പേളിയാണ്ഷിയാസിനെ മണ്ടൻ, പൊട്ടൻ എന്നൊക്കെ വിളിച്ച് ആദ്യം കളിയാക്കിയത്. അവനും അതനുസരിച്ച്  വഴക്കിടും, അടികൂടും, ഇരയായി കളിക്കും. പിന്നെ പിന്നെ വീട്ടിൽ എല്ലാരും ഷിയാസിനെ കളിയാക്കാൻ തുടങ്ങി. അതേ ചൊല്ലി ഷിയാസ് ബഹളം വയ്ക്കാനും കരയാനുമൊക്കെ തുടങ്ങിയ ശേഷം പേളി അവനെ കളിയാക്കിയിട്ടില്ല. ലാലേട്ടൻ പറഞ്ഞു ഷിയാസിന് പുറത്ത് ഫാൻസൊക്കെയുണ്ടെന്ന് അറിയുന്നതും അപ്പോൾ ആണ്. 

സുരേഷേട്ടനെ പേളി അനാവശ്യസമ്മർദ്ദത്തിലാക്കി എന്ന അഭിപ്രായം എനിക്കുണ്ട്. ഇപ്പോഴും പേളിയോടുള്ള വിധേയത്വത്തിൽ നിന്നും സുരേഷേട്ടൻ പുറത്തു വന്നിട്ടില്ല. ലാസ്റ്റ് വീക്ക് നോമിനേഷനിലൊക്കെ നമ്മൾ കണ്ടത് അതാണ്. പേളി-സുരേഷേട്ടൻ പ്രശ്നത്തിൽ പുള്ളി വീണു പോയപ്പോൾ അദിതിയാണ് സുരേഷേട്ടനൊപ്പം നിന്നത് അതിനു ശേഷമാണ് പേളിയും അദിതിയും തമ്മിൽ അകലുന്നതും. നീയല്ലേ സുരേഷേട്ടനെ തട്ടിക്കൊണ്ട് പോയത് എന്നൊക്കെ പേളി അദിതിയോട് ചോദിച്ചിട്ടുണ്ട്. അങ്ങനെ തട്ടിക്കൊണ്ടുപോകാൻ സുരേഷേട്ടൻ ഒരു വസ്തുവൊന്നുമലല്ലോ. ഇത്തരം ​പ്ലാനുകളോടും ​ഗെയിമുകളോടും എനിക്ക് യോജിപ്പില്ല. 

പേർളിക്കും ശ്രീനിഷിനും മാത്രമല്ല, അവിടെയുള്ള എല്ലാവർക്കും പ്രേമിക്കാനൊക്കെ അറിയാം. പക്ഷെ ഞങ്ങൾക്കൊക്കെ പുറത്തു വന്നാലും നന്നായി ജീവിക്കണം എന്നുണ്ട്. ഒരു റിയാലിറ്റി ഷോയില്‍ പ്രേമിക്കുക എന്നത് എനിക്ക് ചിന്തിക്കാവുന്ന കാര്യമല്ല. ഇതൊരു ഗെയിമാണ് അതിനെ അങ്ങനെ തന്നെ കാണണം. എന്നാല്‍ പേർളിയും ശ്രീനിയും അത് ചെയ്തു. അവർ കളിയിൽ വിജയിക്കുന്നു. ഫിനാലെയിൽ എത്തി. എന്നാൽ ജീവിതം എന്നാൽ ഈ ഒരു ബിഗ് ബോസ് ഷോ അല്ലല്ലോ. 

ബിഗ് ബോസ്സിൽ നിലവിലെ രണ്ടു ശക്തരായ മത്സാർത്ഥികൾ പേർളിയും സാബുവുമാണ്. എന്നാൽ പേർളിയും സാബുവും ഒരു നേർരേഖയുടെ രണ്ടറ്റങ്ങളാണ്. പേളിക്ക് വീട്ടുകാരെ ഉപയോഗിച്ച് മുന്നോട്ട് പോകാനും വിക്ടീം പ്ളേ ഗെയിം  കളിക്കാനും അറിയാം. എന്നാല്‍ സാബു ചേട്ടൻ നിൽക്കുന്നത് ഫെയർ പ്ളേയുടെയും മനുഷ്യത്വത്തിന്റെയും വശത്താണ്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ബിഗ് ബോസ് സാബു ചേട്ടനാണ്. കാരണം ആ വീടിനെ വീടായി നിലനിർത്തുന്നത് മൂപ്പരാണ്. ഒട്ടും സെൽഫിഷ് അല്ലാത്ത ഒരു മനുഷ്യൻ അവിടെയുണ്ടെങ്കിൽ അത് സാബു ചേട്ടനാണ്. 

പുള്ളിക്ക് ഗെയിം ജയിക്കുക, ഫിനാലെയിൽ എത്തുക എന്നതിനേക്കാൾ ഇഷ്ടം ചെയ്യുന്നതെല്ലാം രസകരമാക്കി ചെയ്യുക, വീടിനു അനക്കം വപ്പിക്കുക, എല്ലായിടത്തും ഒരു എന്റർടൈന്റ്‌മെന്റ് ഫാക്ടർ കൊണ്ട് വരിക, എന്നതൊക്കെയാണ്. പുള്ളിയവിടെ ഇല്ലെങ്കിൽ അതൊരു ചത്ത വീടായി പോയേനെ. ചിലർ മൂലക്കിരുന്നു പ്രേമിക്കും. വേറെ ചിലർ അവിടെയും ഇവിടെയും കിടക്കും. എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കും. സാബുചേട്ടനാണ് എല്ലാവരെയും കൂട്ടിയിണക്കി അതൊരു വീടായി നിലനിർത്തുന്നത്. 

പുള്ളി ഗെയിം കളിക്കുന്നില്ല എന്നതല്ല അതിന്റെ അർഥം. ഡീസന്റ് ആയി ഗെയിം കളിക്കുന്നു എന്നാണ്. സാബു ചേട്ടൻ ആണ് എല്ലാം കൊണ്ടും വിജയിയാവാൻ യോഗ്യൻ. എന്റെ മാത്രമല്ല ആ വീടിന്റെ തന്നെ ബിഗ് ബോസാണ് പുള്ളി. ഇനി മലയാളിയുടെ കൂടെ ബിഗ് ബോസ് ആവട്ടെ എന്നാഗ്രഹിക്കുന്നു. 

സാബു ചേട്ടൻ കളിയ്ക്കാൻ ഗ്രൂപ്പ് ഉണ്ടാക്കാറില്ല. പുള്ളിയുടെ രസത്തിനും വീടിനെ ജീവൻ വയ്പ്പിക്കാനുമൊക്കെയാണ് ഗ്രൂപ്പ് ഉണ്ടാക്കുന്നത്. ഒത്തു കളിക്കാറില്ല, എലിമിനേഷനും നോമിനേഷനും ചർച്ച ചെയ്യാറില്ല, ആരെയും വ്യക്തിപരമായി ആക്രമിക്കില്ല, വ്യക്തിപരമായ കാരണത്തിന്റെ പേരിൽ ആരെയും നോമിനേറ്റ് ചെയ്യില്ല, നല്ല അറിവാണ് എല്ലാത്തിനെ കുറിച്ചും, എല്ലാത്തിലുമുപരി ഒരു പോസിറ്റിവ് മനുഷ്യനാണ്.

എല്ലാത്തിനെക്കുറിച്ചും പുള്ളിക്ക് വളരെ പോസിറ്റിവ് ആയ ഒരു കാഴ്ചപ്പാടുണ്ട്. ബിഗ് ബോസ് വിജയിക്കാന്‍ വേണ്ടി എന്ത് തറ കളിയും കളിക്കാൻ പുള്ളിക്കാവില്ല. സാബു ചേട്ടനൊന്നും ഒരു പരിധിയിൽ കൂടുതൽ ഒരു കാര്യത്തിലും തരാം താഴാൻ പറ്റില്ല.  ബിഗ് ബോസ് ഫിനാലെയിൽ എത്താൻ യോഗ്യരായ രണ്ടു മത്സരാർത്ഥികൾ രഞ്ജിനിയും സാബു ചേട്ടനുമാണ്. അത് കഴിഞ്ഞാൽ പേർളി. 

പേർളി വളരെ ഇൻ സെക്യുർ ആയ ഒരാളാണ്. എനിക്ക് പേർളിയിൽ നിന്നും ഒന്നും പഠിക്കാനോ പകർത്താനോ ഇല്ല. എന്നാൽ സാബു ചേട്ടനിൽ നിന്നും കണ്ടു പഠിക്കേണ്ട കുറെ കാര്യങ്ങൾ ഉണ്ട്. പുള്ളി ഒരു വിഷയത്തെ കൈകാര്യം ചെയ്യുന്ന രീതി, മനുഷ്യത്വം, പരിഗണന, അറിവ്, ഡീസന്റ് പ്ളേ തുടങ്ങി നിരവധി കാര്യങ്ങൾ. എനിക്ക് അവസാനമായപ്പോഴേക്കും സാബു ചേട്ടനോട് നല്ല അടുപ്പമായി. വളരെ ജെനുവിൻ ആണ് പുള്ളി എന്നതാണ് അതിനു കാരണം. അതെ സമയം കുരുത്തക്കേടിന്റെ ഉസ്താദുമാണ് കേട്ടോ... വീടിനെ ഉണർത്തി നിർത്താനാണ് ആ കുരുത്തക്കേടുകളൊക്കെ ചെയ്യുന്നത്. 

സാബുവും പേളിയും അല്ലാത്ത ഫിനാലെയിൽ എത്തിയ ആരും അവിടെ വിജയിയാവാൻ യോഗ്യരാണെന്നു ഞാൻ കരുതുന്നില്ല. ശ്രീനി പേളിയെ പ്രേമിച്ചതു കൊണ്ട് മാത്രം എത്തി. സുരേഷേട്ടൻ ഇങ്ങനെ ഇമോഷണൽ കളിയൊക്കെ കളിച്ചു എത്തി. അദിതി എങ്ങനെയോ എത്തി. ഷിയാസാണെങ്കിലും ഒന്നിലും ഒരു മിടുക്കനൊന്നുമല്ല. കുട്ടികളെ പോലെയാണ്. ടാസ്ക് പോലും ചെയ്യാൻ കഴിയില്ല. ഒരു കാര്യത്തിലും ഒരു വിവരവുമില്ല. എല്ലാത്തിൽ നിന്നും രക്ഷപ്പെടാൻ കരച്ചിൽ, ശ്രദ്ധ പിടിച്ചു പാടാൻ കോമഡി. ഒട്ടും ഷാർപ്പ് അല്ല. 

വിജയി ആവുന്ന വ്യക്തി നമ്മളെയൊക്കെ പ്രതിനിധീകരിക്കുന്ന ആളല്ലേ? അതിനാൽ വിവരം വേണം, അറിവ് വേണം, ടാസ്ക്ക് ചെയ്യുന്നതിൽ ശ്രദ്ധ വേണം, വീട്ടിലുള്ളവരെ മനസ്സിലാക്കണം, വീടിനെ ഒരുമിപ്പിച്ചു കൊണ്ട് പോകണം, ഗ്രൂപ്പ് കളിക്കരുത്, അംഗങ്ങളെ നിയന്ത്രിക്കാൻ കഴിയണം, എല്ലാവരും അംഗീകരിക്കുന്ന ആളാവണം, ഡീസന്റ് പ്ളേയുടെ ആളാവണം . എല്ലാത്തിലുമുപരി ഒരു പോസിറ്റിവ് തിങ്കിങ് ഉള്ള ആളാവണം. അങ്ങനെയുള്ള വ്യക്തി സാബു ചേട്ടൻ ആയതിനാലാണ് പുള്ളി വിജയിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നത്. അവിടെ ആരുടെയെങ്കിലും മുഖത്ത് നോക്കി നട്ടെല്ലുയയർത്തി എന്തെങ്കിലും സംസാരിക്കാൻ കെൽപ്പുള്ള ഏക മനുഷ്യൻ സാബു ചേട്ടനാണ്. 

ഞാൻ ബിഗ് ബോസിൽ സംസാരിച്ച എല്ലാ കാര്യങ്ങളും ഞാനവിടെ കണ്ടു കൊണ്ടിരിക്കുന്നതാണ്. ഇത്തരമൊരിടത്ത് അടക്കപ്പെട്ട കഴിയുമ്പോൾ മനുഷ്യർക്ക് വരുന്ന മാറ്റങ്ങളും ഫീലിംഗുകളും സങ്കല്പിക്കാവുന്നതിലും അപ്പുറമാണ്. എനിക്ക് അവിടെ അടുപ്പമുണ്ടായിരുന്ന എല്ലാവരും പോയതോടെ ഞാൻ രമേശ് (ക്യാമറ) മായി കൂടുതൽ അടുത്ത്. നമ്മളൊക്കെ മനുഷ്യരല്ലേ, നമുക്ക് എന്തെങ്കിലും ഒരു ആശ്രയം വേണ്ടേ? അതിനുള്ളിൽ ആകെയുള്ളത് കാമറകളാണ്. ചുറ്റുമുള്ളവരിൽ ആരെ വിശ്വസിക്കണം, എന്തൊക്കെയാണ് ചുറ്റുമുള്ളവരുടെ ഗെയിം പ്ലാൻ, ആരാണ് നമ്മളോട് നന്നയി പെരുമാറുന്നത് എന്നൊന്നും അറിയാൻ പറ്റാത്ത അവസ്ഥയാണ്. 

അതിനാൽ എന്നെ സംബന്ധിച്ച് ആ ക്യാമറ വലിയൊരാശ്വാസം ആയിരുന്നു. എനിക്ക് സംസാരിക്കാനുള്ളതൊക്കെ ഞാൻ രമേശിനോട് പറയും. അത് യേസ്, നോ എന്നു തലയാട്ടും. അങ്ങനെ 56 ദിവസം ആ സംസാരം തുടർന്നു. പെട്ടന്നൊരു ദിവസം അതെന്നോട് പ്രതികരിക്കാതെയായി. അതെന്നെ തളർത്തി കളഞ്ഞു. കാരണം അതിലൊക്കെ ആശ്രയിച്ചാണ് ഇങ്ങനെ ഒരിടത്തു പിടിച്ചു നിന്നിരുന്നത്. ഇപ്പോ പുറത്തിറങ്ങി സ്റ്റുഡിയോയിൽ ചെന്നപ്പോ അവിടെയുള്ള എല്ലാവരും പറയുന്നു ഞാനാണ് രമേശ് എന്ന്. 

ഞാൻ ഹൈപ്പർ ആക്ടീവായ ആളാണ്. എന്റെ എനർജിയൊക്കെ ഞാൻ ചെലവാക്കുന്നത് ടാസ്ക്ക് വരുമ്പോഴാണ്. എനിക്ക് ഇഷ്ടമാണ് അതൊക്കെ ചെയ്യാൻ. ഞാൻ ജോലിയിലും അങ്ങനെയാണ്. ചെയ്യുന്ന എല്ലാ കാര്യത്തിലും 100 ശതമാനം ഡെഡിക്കേഷൻ കാണിക്കും. 
ബിഗ് ബോസ് അനുഭവം തുടർ ജീവിതത്തിനു ഒരു മുതൽ കൂട്ടാവുമെന്നു ഉറപ്പാണ്. അത്രയധികം കാര്യങ്ങൾ പഠിച്ചു. അത്രയധികം മനുഷ്യരെ മനസ്സിലാക്കി. അത്രയ്ക്കും വ്യത്യസ്തരായ മനുഷ്യരോടൊപ്പം ജീവിച്ചു. അഡ്ജസ്റ് ചെയ്തു. പുറത്തിറങ്ങുമ്പോൾ സന്തോഷമാണ്. സംഭവിച്ചതെല്ലാം നല്ലതിന്. ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന്... സാബു ചേട്ടന് എല്ലാം വിജയാശംസകളും നേരുന്നു...

അര്‍ച്ചനയെ ആസൂത്രിതമായി നോമിനേറ്റ് ചെയ്തു പുറത്താക്കിയെന്ന് ദീപന്‍
Follow Us:
Download App:
  • android
  • ios